ദുബൈ: ഫ്ലൈ ദുബൈ ടെൽ അവീവ് വിമാനത്തിലെ കോക്പിറ്റിൽ നടന്ന ജീവിതത്തിനും മരണത്തിനും ഇടയിലെ പോരാട്ടം ഓർത്തെടുത്ത് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ. കോക്പിറ്റിൽ വെച്ച് തലക്ക് അടിയേറ്റതും ആദ്യം കോക്പിറ്റിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ചത് അടയ്ക്കപ്പെട്ടതും ആയ കാര്യങ്ങളാണ് സ്മിത് മച്ചാർ ഓർത്തെടുത്തത്. ഇതോടൊപ്പം വിമാനം താഴേക്ക് പതിച്ചപ്പോൾ അവസാന ശ്രമമെന്ന നിലയിൽ കോക്പിറ്റ് തുറന്നതും അടക്കമുള്ള കാര്യങ്ങളാണ് മുംബൈ സ്വദേശിയായ സ്മിത് മച്ചാർ തുറന്നുപറഞ്ഞത്. യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാർ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായുള്ള വിഡിയോ കോളിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ദുബൈ- ടെൽ അവീവ് വിമാനത്തിലെ കോക്പിറ്റിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവങ്ങൾ ആദ്യമായാണ് പുറത്തുവരുന്നത്.
‘പതിവുപോലെ ദുബൈയിൽനിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്നു ഫ്ലൈദുബൈ വിമാനം എഫ്ഇസഡ് 1073. കോക്പിറ്റിൽ കോ പൈലറ്റ് പ്രാർഥനയിലായിരുന്നു.അത് അസാധാരണമായ കാര്യമല്ലാത്തതിനാൽ മുന്നിലേക്ക് തന്നെ ശ്രദ്ധതിരിച്ച് ഇരുന്നു. ഏതാനും മിനിറ്റുകൾക്കകം പിന്നിൽനിന്ന് തലയിൽ ശക്തമായൊരു അടിയേറ്റു. വിമാനത്തിന് ഗുരുതരമായ എന്തോ തകരാർ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ രണ്ടാമതും മൂന്നാമതും അടിയേറ്റതോടെ യാഥാർഥ്യം തിരിച്ചറിഞ്ഞു.
കോക്പിറ്റിലുള്ള സഹ പൈലറ്റാണ് ആക്രമിക്കുന്നത്’ മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു.
‘ആദ്യത്തെ ആക്രമണത്തിൽ തന്നെ ഗുരുതരമായി പരിക്കേറ്റിരുന്നു. തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും കാഴ്ച ഏതാണ്ട് പൂർണമായും മങ്ങിയിരുന്നു. അതിനിടെ വിമാനം ശക്തമായി താഴേക്ക് പോകുന്നതാണ് അനുഭവപ്പെട്ടതായി സ്മിത് ഓർത്തെടുക്കുന്നു.
ഒരു ഘട്ടത്തിൽ കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞു. എന്നാൽ അത് വീണ്ടും അടയ്ക്കപ്പെട്ടു. താൻ കോക്പിറ്റിന്‍റെ തറയിൽ വീണു.
വിമാനം താഴേക്ക് പോകുന്നതും കാറ്റിന്‍റെ ശക്തമായ ശബ്ദവും ആളുകളുടെ നിലവിളിയും അനുഭവപ്പെട്ടുവെന്നും മച്ചാർ നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ പറഞ്ഞു.
‘രക്തത്തിൽ കുളിച്ച്, കാഴ്ച മങ്ങിയ നിലയിൽ, വിമാനം താഴേക്ക് പതിക്കുമ്പോൾ മുന്നിൽ ഒരു വഴി മാത്രമായിരുന്നു.. അവസാന പോരാട്ടം. ജീവൻ രക്ഷിക്കാനുള്ള സ്വാഭാവിക പ്രേരണയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ ജീവനും മുന്നിലുണ്ടായിരുന്നു. മുഴുവൻ ശക്തിയും സംഭരിച്ച് അദ്ദേഹം കോക്പിറ്റ് വാതിലിലേക്ക് നീങ്ങി. വാതിലിലേക്ക് പോയി അത് തുറന്നു. ഭാഗ്യവശാൽ, ആളുകൾ അവിടെ കാത്തുനിന്നിരുന്നു. അവർ അകത്തേക്ക് ചാടി നിയന്ത്രണം ഏറ്റെടുത്തു. പിന്നെ നടന്നതെല്ലാം നിങ്ങൾക്കറിയാമല്ലോയെന്നും സ്മിത് മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു.
നിങ്ങൾ ഒരുപാട് ജീവനുകളെ രക്ഷിച്ചതായും ഇന്ത്യയുടെയും ഇസ്രായേലിന്‍റെയും മാത്രമല്ല ലോകത്തിന്‍റെ മുഴുവൻ നായകനാണെന്നും നെതന്യാഹു പറഞ്ഞു. അടുത്ത മേയിൽ നടക്കുന്ന ഇസ്രായേലിന്‍റെ സ്വാതന്ത്ര്യദിന ദേശീയ ചടങ്ങിൽ മച്ചാറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചേർന്ന് ദീപം തെളിയിക്കാൻ ക്ഷണിക്കാനുള്ള ആഗ്രഹവും നെതന്യാഹു അറിയിച്ചു. സാധാരണയായി ഇസ്രായേൽ പൗരന്മാർക്ക് മാത്രമാണ് ഈ ചടങ്ങിൽ അവസരം ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മച്ചാറുമായി ഫോണിൽ സംസാരിച്ചിരുന്നു. അപാരമായ ധൈര്യവും ഉറച്ച നിശ്ചയദാർഢ്യവുമാണ് ഗുരുതരമായി പരിക്കേറ്റിട്ടും പൈലറ്റ് പ്രകടിപ്പിച്ചതെന്ന് മോദി പറഞ്ഞു.മുംബൈയിൽ ജനിച്ച മച്ചാർക്ക് വാണിജ്യ വ്യോമയാന രംഗത്ത് 13 വർഷത്തിലേറെ പരിചയമുണ്ട്. 9,500 മണിക്കൂറിലേറെ വിമാനം പറത്തിയിട്ടുണ്ട്. 2022 ജൂണിലാണ് ഫ്ലൈദുബൈയിൽ ചേരുന്നത്. മച്ചാറിന്‍റെ സഹോദരനും ഫ്ലൈദുബൈ പൈലറ്റാണ്. സാധാരണ യാത്രയായി തുടങ്ങിയ ആ യാത്ര അവസാനിച്ചത് ജീവനും മരണത്തിനുമിടയിലെ കോക്പിറ്റ് പോരാട്ടത്തിലായിരുന്നു. കാഴ്ച മങ്ങിയിട്ടും ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാർ നടത്തിയ അവസാന ശ്രമമാണ് വിമാനത്തിലുണ്ടായിരുന്ന 174 പേരുടെയും രക്ഷയ്ക്ക് നിർണായകമായത്.

0 Comments