തിരുവനന്തപുരം: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിലവിലുള്ള ഏത് കേസും ഗൗരവമായി അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യം രാജ്യത്താകെ ശക്തമായി ഉയരുകയാണെന്നും വിവിധ വിഭാഗങ്ങളിലുള്ള ആളുകൾ ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2006ലേതുൾപ്പെടെ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട് നിലവിലുള്ള ഏത് കേസും അന്വേഷിക്കണം. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നും ഏതെങ്കിലും പ്രത്യേക കേസിനെക്കുറിച്ചല്ല പറയുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി. നിലവിലുള്ള കേസുകളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കട്ടെയെന്നും അതിന് തടസ്സം നിൽക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിക്കുന്നതിനെയും ഗോവിന്ദൻ ചോദ്യം ചെയ്തു. ആരാണ് ഭരിക്കുന്നത് എന്നതല്ല പ്രശ്നമെന്നും ഗ്യാനേഷ് കുമാർ സ്വീകരിക്കുന്ന നിലപാടുകളാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെക്കുറിച്ചുള്ള അഭിപ്രായങ്ങളല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലുള്ള കേസുകൾ അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.

0 Comments