ന്യൂഡല്‍ഹി: സംഘ്പരിവാര്‍ വിരുദ്ധ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ധ്രുവ് റാഠിയുടെ പൗരത്വം, വിസാ നിബന്ധനകള്‍ എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ച് ബെംഗളൂരു മുന്‍ പൊലീസ് കമ്മിഷണറും ബിജെപി നേതാവുമായ ഭാസ്‌കര്‍ റാവു. ഗ്യാനേഷ് കുമാറിനെതിരെ ബെംഗളൂരുവില്‍ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ധ്രുവ് റാഠി പങ്കെടുത്തതിനു പിന്നാലെയാണ് പരാതി. റാഠിക്ക് ജര്‍മന്‍ പൗരത്വമുണ്ടെന്നാണ് കരുതുന്നതെന്നും ഇക്കാര്യം ഔദ്യോഗികമായി പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു സമരത്തില്‍ ഒരു വിദേശ പൗരന്‍ എന്ന നിലയില്‍ ധ്രുവ് റാഠി പങ്കെടുത്തത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഇത് പരിശോധിക്കേണ്ടതുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രത്യേക വിസ, ഇമിഗ്രേഷന്‍ അനുമതി അല്ലെങ്കില്‍ മറ്റ് പദവികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ തങ്ങുന്ന ഒരു വിദേശ പൗരന്, ഇന്ത്യയിലെ ഭരണഘടനാപരവും നിയമപരവുമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും നിയമപരമായി അവകാശമുണ്ടോ എന്ന് പരിശോധിക്കണമെന്ന് പരാതിയില്‍ പറയുന്നു.
ഒക്ടോബര്‍ എട്ടിന് ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിലാണ് ധ്രുവ് റാഠി പങ്കെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഇല്ലെന്നും രാജിവെക്കണമെന്നും ധ്രുവ് റാഠി പ്രസംഗിച്ചിരുന്നു. എസ്‌ഐആര്‍ നടപടിയിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ, നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
റാഠി ഏത് ഇമിഗ്രേഷന്‍ പദവിയിലാണ് ഇന്ത്യയില്‍ വന്നതെന്നും താമസിക്കുന്നതെന്നും പാസ്പോര്‍ട്ട്, സന്ദര്‍ശനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം, അനുവദിച്ച താമസ കാലാവധി, അതിനോടനുബന്ധിച്ചുള്ള നിബന്ധനകള്‍ എന്നിവ കൃത്യമായി വ്യക്തമാക്കേണ്ടതുണ്ടെന്നും ഭാസ്‌കര്‍ റാവുവിൻ്റെ പരാതിയില്‍ പറയുന്നു. വിസാ ചട്ടങ്ങള്‍, കുടിയേറ്റ നിയമങ്ങള്‍ എന്നിവയുടെ ലംഘനം കണ്ടെത്തിയാല്‍ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ഭാസ്‌കര്‍ റാവു ആവശ്യപ്പെട്ടു.

0 Comments