ലോഡ് ഷെഡിങ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്; കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങും: സണ്ണി ജോസഫ്

 


തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ശ്രമിക്കുന്നതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സോളാർ ബാറ്ററി കിട്ടാത്തതാണ് സോളാർ പവർ സ്റ്റേഷൻ ഉദ്ഘാടനം വൈകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമാചലില്‍ നിന്ന് 1280 മെഗാവാട്ട് വൈദ്യുതിയാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉയര്‍ന്ന വില ആവശ്യപ്പെട്ടുകൊണ്ടുള്ള ഹിമാചലില്‍ നിന്നുള്ള കത്ത് സംസ്ഥാന വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറുകയും തുടര്‍ന്ന് സര്‍ക്കാര്‍ അതൃപ്തി അറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസവും വൈദ്യുതി കരാറിന് അനുമതി നല്‍കിയപ്പോള്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സാധ്യമായ വഴികള്‍ നിരവധിയുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഉയര്‍ന്ന വിലയ്ക്ക് മാത്രം വൈദ്യുതി വാങ്ങാന്‍ ശ്രമിക്കുന്നുവെന്നാണ് കമ്മീഷന്‍ ചോദിച്ചത്.

യൂണിറ്റിന് 14.50 രൂപക്ക് വൈദ്യുതി വാങ്ങുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലായിരുന്നു തീരുമാനം. കഴിഞ്ഞ മാസം 28നാണ് കെഎസ്ഇബി ഇതുസംബന്ധിച്ച് സര്‍ക്കാരിന് കത്തയച്ചത്. അതേസമയം, സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാര്‍ച്ച് 30 വരെ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷനാണ് ഹ്രസ്വകാല കരാറിന് അനുമതി നല്‍കിയത്.

ഇതുപ്രകാരം അഞ്ച് കമ്പനികളില്‍ നിന്നായി 270 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 6.99 മുതല്‍ പരമാവധി 10 രൂപ വരെ നല്‍കാം. പത്ത് രൂപയില്‍ കൂടരുതെന്ന കമ്മീഷന്റെ കര്‍ശന നിബന്ധനയോടെയാണ് കരാറിന് അംഗീകാരം നല്‍കിയിരിക്കുന്നത്. അഞ്ച് വ്യത്യസ്ത കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പിടിസി ഇന്ത്യ ലിമിറ്റഡ്, ആര്‍പിജി പവര്‍ ട്രേഡിങ് കമ്പനി ലിമിറ്റഡ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് നേരിടുന്ന രാത്രികാല വൈദ്യുതി ക്ഷാമത്തിന് താത്കാലിക പരിഹാരമാകുമെന്നാണ് കണക്കുക്കൂട്ടല്‍.


Post a Comment

0 Comments