മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ നിർണായക കണ്ടെത്തൽ. സൽമാൻ ഖാൻ ആയിരുന്നു പ്രതികളുടെ യഥാർഥ ലക്ഷ്യമെന്നും അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ആമിർ ഖാൻ എന്നിവരും പ്രതികളുടെ നിരീക്ഷണത്തിലുണ്ടായിരുന്നെന്നുമാണ് കണ്ടെത്തൽ. പ്രതികൾ മുംബൈയിലെ ബാന്ദ്രയിലുള്ള സൽമാന്റെ വസതിക്ക് സമീപം വെടിവെയ്ക്കാൻ നിരീക്ഷണം നടത്തിയിരുന്നെങ്കിലും താരത്തിനേർപ്പെടുത്തിയിരിക്കുന്ന കനത്ത സുരക്ഷ കാരണം പദ്ധതി മാറ്റുകയായിരുന്നെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷ കുറവുള്ളതിനാലാണ് പ്രതികൾ ടൈഗർ ഷ്റോഫിനെ അവർ ലക്ഷ്യമിട്ടത്. ടൈഗറിനെ പ്രതികൾ മുമ്പും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. മുംബൈ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ ടൈഗർ എത്താറുണ്ടെന്ന് മനസ്സിലാക്കി ഒക്ടോബർ 11ന് പ്രതികൾ സ്ഥലം സന്ദർശിച്ചെങ്കിലും അന്ന് താരം അവിടെയുണ്ടായിരുന്നില്ല. ടൈഗർ ഷ്റോഫ് എല്ലാ ഞായറാഴ്ചകളിലും ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ട് സന്ദർശിക്കാറുണ്ടെന്ന് ഇൻസ്റ്റഗ്രാം പേജുകളിലൂടെയും ആരാധകരുടെ പോസ്റ്റുകളിലൂടെയുമാണ് സംഘം മനസിലാക്കിയത്. പൊതുസ്ഥലങ്ങളിൽ താരം വലിയ സുരക്ഷയില്ലാതെയാണ് എത്തുന്നതെന്നും എളുപ്പത്തിൽ ലക്ഷ്യംവെക്കാമെന്നും മനസിലാക്കിയാണ് ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവിൽ വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരു ആരാധകനും പരിക്കേൽക്കുകയായിരുന്നു.
അതേസമയം, ടൈഗറിന് നേരെയുണ്ടായ ആക്രമണത്തോടെ ബോളിവുഡ് സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ ഡൽഹി പൊലീസ് സ്പെഷ്യൽ സെല് പിടികൂടിയിട്ടുണ്ട്. ഹരിയാനയിലെ സോണിപത്ത് ജില്ലയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മൂന്നുപേരെയും കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി സംശയിക്കുന്ന അധോലോക കുറ്റവാളി അനിൽ പണ്ഡിറ്റിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ പണ്ഡിറ്റ്, വിദേശത്തിരുന്ന് ഇന്ത്യയിലെ ഷൂട്ടർമാരെ ഏകോപിപ്പിക്കുകയാണെന്നാണ് വിവരം.

0 Comments