പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷ; പരാതിക്കാരൻ ശ്യാമിന് ഒന്നാം റാങ്ക്; പുതുക്കിയ പട്ടിക പുറത്ത്

 



തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പുറത്തുവന്നു. പരീക്ഷയിലെ മൂല്യനിർണയ വീഴ്ച ചൂണ്ടിക്കാട്ടി പരാതി നൽകിയ ശ്യാമിന് പുതിയ പട്ടികയിൽ ഒന്നാം റാങ്ക് ലഭിച്ചു. നേരത്തെ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒന്നാം പേപ്പറിലെ 58 മാർക്കിന്റെ ഉത്തരങ്ങൾ നേരത്തെ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതാണ് റാങ്ക് പട്ടികയിൽ മാറ്റമുണ്ടാകാൻ കാരണം. ഈ ഉത്തരങ്ങൾ കൂടി മൂല്യനിർണയം നടത്തിയതോടെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി 2022-ൽ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ, പെർസ്പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ, പ്ലാനിംഗ് കോർഡിനേഷൻ ഡിവിഷൻ എന്നിവിടങ്ങളിലെ തസ്തികകളിലേക്കായിരുന്നു നിയമനം.


പരീക്ഷയുടെ ഒന്നാം പേപ്പറിലെ ഒൻപത് മുതൽ 18 വരെ ചോദ്യങ്ങളായ 10 വിവരണാത്മക ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഡിജിറ്റൽ ഓൺ-സ്ക്രീൻ മാർക്കിങ് സംവിധാനത്തിൽ മൂല്യനിർണയത്തിനായി ഉൾപ്പെടുത്താതിരുന്നത്. ആകെ 58 മാർക്കിന്റെ ഉത്തരങ്ങൾ ഒഴിവാക്കപ്പെട്ടതോടെ മൂല്യനിർണയം അപൂർണമാവുകയും ഇതിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കുകയും ചെയ്തു.


റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ശ്യാം വിവരാവകാശ നിയമപ്രകാരം (ആർടിഐ) ഉത്തരക്കടലാസിന്റെ പകർപ്പ് കൈപ്പറ്റി പരിശോധിച്ചതോടെയാണ് വീഴ്ച പുറത്തുവന്നത്. ഇതോടെ പിഎസ്‌സിക്കെതിരെ വിമർശനം ഉയർന്നു. നേരത്തെ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദാക്കി, ഒഴിവാക്കപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടെ എല്ലാ ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസുകൾ പൂർണമായി പുനർമൂല്യനിർണയം നടത്താൻ പിഎസ്‌സി തീരുമാനിച്ചു.

2025 മേയിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ അതേ വർഷം ജൂണിൽ നിയമനങ്ങൾ നടന്നിരുന്നു. പട്ടികയിൽ ഇടതുപക്ഷ സംഘടനകളുമായും നേതാക്കളുമായും ബന്ധമുള്ളവർ ഇടംപിടിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.

ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സി ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചപ്പോൾ, 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കപ്പെട്ടതെങ്ങനെയെന്ന് കോടതി ചോദ്യം ചെയ്തിരുന്നു.

പുനർമൂല്യനിർണയം പൂർത്തിയായതോടെ ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ ചുരുക്കപ്പട്ടികയും അന്തിമ റാങ്ക് പട്ടികകളും പിഎസ്‌സി ഘട്ടംഘട്ടമായി പ്രസിദ്ധീകരിച്ചുവരികയാണ്.

Post a Comment

0 Comments