ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം. തിങ്കളാഴ്ച മുതൽ സമരം തുടരുമെന്ന് സഖ്യനേതാക്കൾ അറിയിച്ചു. ഡൽഹിക്ക് പുറത്തുള്ള പ്രതിപക്ഷ എംപിമാരോട് ഞായറാഴ്ചയോടെ തലസ്ഥാനത്ത് തിരിച്ചെത്താനും നിർദേശം നൽകിയിട്ടുണ്ട്.
എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിച്ച് ഇന്ത്യാ സഖ്യനേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്തതും തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളും നേതാക്കൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതുസംബന്ധിച്ച നിവേദനവും കൈമാറി.
കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച പ്രതിപക്ഷ നേതാക്കൾ ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുന്നതിനിടെ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. പിന്നീട് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കി മടങ്ങിയെത്തിയ നേതാക്കൾ മാധ്യമങ്ങളെ കണ്ടു.
മോദിയും അമിത് ഷായും ജനാധിപത്യത്തെ തകർക്കുന്നു: ഖാർഗെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജനാധിപത്യത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. എസ്‌ഐആർ നടപടികളിലൂടെ കോടിക്കണക്കിന് വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
എസ്‌ഐആർ നടപടികളിൽ ക്രമക്കേടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് സഖ്യത്തിന്റെ ആവശ്യം.

0 Comments