സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലാ പ്രഖ്യാപനം:തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മന്ത്രി ടി.സിദ്ദിഖ് അവലോകനം ചെയ്തു




നവംബർ ഒന്നിന് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഇ- മാലിന്യമുക്ത വയനാടെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യക്തികൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ ഉത്തരവാദിത്വത്തോടെ പങ്കാളികളാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ജില്ലയിലെ മുഴുവൻ വാർഡുകളും പഞ്ചായത്തുകളും നവംബർ ഒന്നോടെ ഇ- മാലിന്യ മുക്തമായി പ്രഖ്യാപിക്കും. വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, റിസോർട്ടുകൾ, വീടുകൾ, പൊതു ഇടങ്ങൾ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇ-മാലിന്യ ശേഖരണം പൂർത്തിയാക്കണം. ഇതിനായി ഹരിത കർമസേനയെ പൂർണ്ണ സജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണത്തിനും ശാസ്ത്രീയ സംസ്കരണത്തിനും ആവശ്യമായ ഇടപെടലുകൾ പൂർത്തിയായി വരുന്നതായും ഇ-മാലിന്യമുക്ത പ്രഖ്യാപനം ജനപങ്കാളിത്തത്തോടെ വിപുലമായി സംഘടിപ്പിക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷൻമാർ യോഗത്തിൽ വ്യക്തമാക്കി. ഇ മാലിന്യ ശേഖരണത്തിനായി വിവിധ ക്യാമ്പുകൾ നടത്തി വരുന്നതായും വാർഡുതലങ്ങളിൽ വ്യാപക പ്രചാരണവും കഥാജാഥയും നടത്തുന്നുണ്ടെന്നും അധ്യക്ഷൻമാർ പറഞ്ഞു. ഇ - മാലിന്യ ശേഖരണം അയൽകൂട്ട അജണ്ടയിൽ ഉൾപ്പെടുത്തി ക്യാമ്പയിൽ വേഗത്തിലാക്കുന്നുണ്ട്. വായനശാല, ക്ലബുകളെ കൂടി ഉൾപ്പെടുത്തി പ്രവർത്തനം വ്യാപകമാക്കുമെന്നും അധ്യക്ഷൻമാർ പറഞ്ഞു. ഓരോ വാർഡ്, ഡിവിഷനുകളിൽ നിന്നും ശേഖരിച്ച ഇ- മാലിന്യങ്ങൾ ഉൾപ്പെടുത്തി സമയ ബന്ധിതമായി ഡോക്യുമെൻഷൻ പൂർത്തിയാക്കാൻ യോഗം ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റോറന്റുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേ നടത്തിപ്പുകാരുടെ യോഗം അടിയന്തിരമായി ചേർന്ന് ഇ- മാലിന്യ ശേഖരണത്തിന്റെ ഗൗരവവും പ്രാധാന്യവും വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments