മാവോ സേതൂങിനെ കുറിച്ച പരാമർശം ; എംബാപ്പെയുമായി കരാറുകൾ റദ്ദാക്കി ചൈനീസ് കമ്പനികൾ

 



മാഡ്രിഡ് :ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവ് മാവോ സെദൂങ്ങിന്റെ ചിത്രമടങ്ങിയ ട്രോൾ വീഡിയോയെക്കുറിച്ചുള്ള ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരാമർശം വൻ വിവാദമായി. ഇതോടെ ചൈനയിലെ രണ്ട് മുൻനിര ബ്രാൻഡുകൾ താരവുമായുള്ള കോടികളുടെ സ്പോൺസർഷിപ്പ് കരാറുകൾറദ്ദാക്കി. താരം നടത്തിയ പരാമർശം രാജ്യത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമുഖ ഡയറി നിർമ്മാതാക്കളായ മെങ്‌ന്യൂവും പാനീയ കമ്പനിയായ ഡോങ്‌പെങും കരാറുകൾ അവസാനിപ്പിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എംബാപ്പെയും ലാ ലിഗ പ്രസിഡന്റ് ഹാവിയർ ടെബാസും രംഗത്തെത്തി.

ഒരു ഫ്രഞ്ച് ടോക്ക് ഷോയിൽ സംസാരിക്കവെ, സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് ഇറങ്ങുന്ന മീമുകളിൽ ഏറ്റവും ചിരിപ്പിച്ച മീം ഏതാണെന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് എംബാപ്പെ വിവാദ പരാമർശം നടത്തിയത്. "ഒരു ചൈനീസ് ഏകാധിപതിയുടെ ശരീരത്തിൽ എന്റെ മുഖം ചേർത്തുവെച്ചുള്ള ഒരു വീഡിയോ കണ്ടിരുന്നു; അതുകണ്ട് ഞാൻ ഒരുപാട് ചിരിച്ചു, സുഹൃത്തുക്കൾക്കിടയിൽ ഇപ്പോഴും ആ വീഡിയോ ഉപയോഗിക്കാറുണ്ട്," എന്നായിരുന്നു എംബാപ്പെയുടെ വാക്കുകൾ. മാവോ സെദൂങ്ങിന്റെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും, ചൈനീസ് സ്ഥാപക ചെയർമാന്റെ ശരീരത്തിൽ എംബാപ്പെയുടെ മുഖം ചേർത്തുവെച്ചുള്ള ട്രോൾ ദൃശ്യങ്ങളാണ് അപ്പോൾ സ്ക്രീനിൽ കാണിച്ചത്.

'കിലിയൻ എംബാപ്പെ നടത്തിയ പരാമർശങ്ങളിൽ ചൈനീസ് ആരാധകരുടെ വികാരങ്ങളെ വൃണപ്പെടുത്തിയായിട്ടുണ്ടെങ്കിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു' - ലാലിഗ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിൽ താരം ഉൾപ്പടെയുള്ളവർ മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ എംബാപ്പെക്കെതിരായ പോസ്റ്റുകളും ഭീഷണികളും ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.

Post a Comment

0 Comments