പാൽ തൊണ്ടയിൽ കുടുങ്ങിയതല്ല; കാർത്തികപ്പള്ളിയിൽ കുഞ്ഞിന്റെ മരണം പോഷകാഹാരക്കുറവ് മൂലം



ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ രണ്ടു വയസുകാരന്റെ മരണം പോഷകാഹാരക്കുറവുമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വേണ്ടത്ര പരിപാലനം ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിക്ക് ഈ പ്രായത്തിൽ ഉണ്ടായിരിക്കേണ്ട സാധാരണ തൂക്കം 12 കിലോ ആയിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുഞ്ഞിന് 7 കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഇതിനുപുറമേ, കടുത്ത രക്തക്കുറവിന്റെ പ്രശ്നങ്ങളും കുഞ്ഞ് നേരിട്ടിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മഹാദേവികാട് മാതുകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലിനെയാണ് ഇന്ന് രാവിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പിതാവിൻ്റെ മൊഴി. തലേദിവസം വൈകുന്നേരത്തോടെ ഗർഭിണിയായ താരയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന രണ്ട് വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Post a Comment

0 Comments