ഒഡീഷയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ

 



കൽപ്പറ്റ:ഒഡീഷയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് സ്വർണ മെഡൽ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് വയനാട്ടിലെ ഒരു താരം ഈ നേട്ടം കരസ്ഥമാക്കുന്നത്. കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടെയിൻ സൈക്ലിങ് മത്സരത്തിൽ രണ്ട് ഇനങ്ങളിൽ മെഡൽ കരസ്ഥമാക്കിയിരുന്നു. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് വെള്ളി മെഡൽ നേടിയത്.

ആദ്യദിനത്തിൽ നടന്ന ക്രോസ് കൺട്രി ടൈം ട്രയലിൽ രണ്ടാം സ്ഥാനത്തുള്ള കർണ്ണാടകയുടെ  പ്രിയങ്കാ ലമനിയേക്കാൾ മൂന്ന് മിനിറ്റ് പത്ത് സെക്കൻ്റ് ലീഡിലാണ് സ്വർണ മെഡൽ നേടിയത്.

രണ്ടാം ദിനത്തിലെ ക്രോസ് കൺട്രി ഒളിമ്പിക് മാസ്സ് സ്‌റ്റാർറ്റിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിൻ്റെ ആർ ശ്രുതികയേക്കാൾ നാല് മിനിറ്റ് ലീഡിലാണ് സുവർണ്ണ നേട്ടം കൊയ്തത്.

 സൈക്ലിങ് അസോസിയേഷനും ഗ്രാമിക കുടമംഗലവും സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ സമ്മർ കോച്ചിങ് ക്യാമ്പിലൂടെയാണ് മൈസ സൈക്ലിങ് രംഗത്തേക്ക് വരുന്നത്. കഴിഞ്ഞ വർഷം തൊടുപുഴയിൽ നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിങ്ങിലും കാസർകോട്ടു നടന്ന റോഡ് സൈക്ലിങ്ങിലും ഈ മിടുക്കിക്കായിരുന്നു ഒന്നാം സ്ഥാനം . സുൽത്താൻ ബത്തേരിയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ മത്സരത്തിലും ഒന്നാം സ്ഥാനം നേടി. കോച്ച് ഫിറോസ് അഹമ്മദിന്റെ കീഴിലുള്ള പരിശീലനത്തിലൂടെയാണ് മൈസ ബക്കർ ഉയരങ്ങൾ കീഴടക്കുന്നത്. കൽപ്റ്റ ഡി പോൾ സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിനിയായ മൈസ ബക്കർ ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടിലെ കായിക അധ്യാപകൻ എൻ.സി. സാജിദിന്റെയും സുൽത്താൻ ബത്തേരി ആശ്ന ചൂര്യന്റെയും മകളാണ്. 

Post a Comment

0 Comments