നെടുമ്പാശ്ശേരി വാഹനാപകടം;ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല, ശക്തമായ നടപടി സ്വീകരിക്കും': ആഭ്യന്തരമന്ത്രി

 



തിരുവനന്തപുരം: നെടുമ്പാശ്ശേരിയിലെ വാഹനാപകടത്തില്‍ ഒരു പ്രതിയെയും രക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ മന്ത്രിമാരടക്കം ശ്രമിക്കുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. അതേസമയം, വാഹനാപകടം ഉണ്ടാക്കിയ 19കാരന് മദ്യം നല്‍കിയ മൂന്ന് ബാറുകളുടെ ലൈസന്‍സ് എക്സൈസ് കമ്മീഷണർ സസ്‌പെന്‍ഡ് ചെയ്തു.

'മദ്യപിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധിക്കാൻ ഇന്നലെ മുതല്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. 12 മണിക്കൂര്‍ നേരത്തോളം നടത്തിയ പരിശോധനയിൽ ആയിരത്തിലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ല. ഇനി അത്തരം പ്രവണതകള്‍ തുടരുന്ന പക്ഷം ലൈസന്‍സ് റദ്ദാക്കുന്നത് മാത്രമല്ല, ശക്തമായ നടപടിയും സ്വീകരിക്കും'. മന്ത്രി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ ഈ സംഭവത്തോടനുബന്ധിച്ച് മതം പറഞ്ഞുപോലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം വിദ്വേഷ പ്രചാരണങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുന്ന വേളയിലും ഇക്കാര്യം ചെന്നിത്തല വ്യക്തമാക്കിയിരുന്നു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഹനാപകടമുണ്ടാക്കിയ 19കാരന് മദ്യം നല്‍കിയ മൂന്ന് ബാറുകളുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്സ്, നെടുമ്പാശ്ശേരി മാരിയറ്റ്, വൈറ്റിലയിലെ ദയ ബാർ എന്നിവിടങ്ങളിലെ ബാറുകളുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. എക്‌സൈസ് കമ്മീഷണറുടേതാണ് നടപടി.

Post a Comment

0 Comments