'കിഫ്ബി കടമെടുപ്പ് ധനമന്ത്രിയുടെ ആശങ്ക മറികടന്ന്'; കെ.എന്‍ ബാലഗോപാലിന്റെ ഫയല്‍ പുറത്ത്

 



തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ കിഫ്ബി കടമെടുപ്പ് മുന്‍ ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ആശങ്ക മറികടന്ന്. കടമെടുക്കുന്നത് ധനസ്ഥിതിയെ ബാധിക്കുമെന്ന് ആശങ്ക അറിയിച്ചുകൊണ്ട് ബാലഗോപാല്‍ എഴുതിയ ഫയല്‍ പുറത്തുവന്നു. 2023 സെപ്റ്റംബറില്‍ എഴുതിയ നോട്ടാണ് പുറത്തുവന്നത്.

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നും അനുകൂല നിലപാട് വന്നാല്‍ മാത്രമേ അധിക കടമെടുപ്പും ഗ്യാരണ്ടിയും നിര്‍ദേശിച്ച പ്രകാരം നടപ്പിലാക്കാന്‍ കഴിയുകയുള്ളു. ഇക്കാര്യം മുഖ്യമന്ത്രി പരിശോധിക്കണമെന്നും നോട്ടില്‍ പറയുന്നു.

എന്നാല്‍ ഈ ആശങ്ക മറികടന്നാണ് കടമെടുപ്പുമായി മുന്നോട്ടുപോകാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം, കിഫ്ബി മസാല ബോണ്ടില്‍ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍പ്പ് അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ടോം ജോസും മനോജ് ജോഷിയും എതിര്‍പ്പ് അറിയിച്ചതിന്റെ മിനുട്‌സിന്റെ പകര്‍പ്പ് പുറത്തുവന്നു. കിഫ്ബിയുടെ ബോര്‍ഡ് യോഗത്തിലായിരുന്നു ഇരുവരും എതിര്‍പ്പ് അറിയിച്ചത്. ആഭ്യന്തര വിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുമെന്നും ഹെഡ്ജ് ചെയ്യാത്ത ബാധ്യതകള്‍ ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കിഫ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉന്നയിക്കുന്നത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ നിരീക്ഷണങ്ങളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു.

'ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ട്. കിഫ്ബി വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിര്‍ദേശം മറികടന്നത് റൂള്‍സ് ഓഫ് ബിസിനസ് ലംഘനമാണ്. കിഫ്ബി വഴി വന്ന അധിക ചെലവ് 13,103 കോടി രൂപയാണ്. മസാല ബോണ്ട് വഴി നഷ്ടമുണ്ടായത് 181 കോടി രൂപയും. സര്‍ക്കാര്‍ വായ്പ എടുത്തിരുന്നെങ്കില്‍ ഉണ്ടാകുന്നതിനേക്കാള്‍ 396 കോടി പ്രതിവര്‍ഷ അധിക പലിശയാണ് ഉണ്ടായത്,' എന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.

Post a Comment

0 Comments