ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തം. മൂന്നാം ദിനവും പ്രതിപക്ഷം തെരുവിൽ പ്രതിഷേധം നടത്തുകയാണ്. മൂന്ന് ബസുകളിലായി എംപിമാരുടെ ബസ് രാജ്ഘട്ടിലേക്ക് നീങ്ങുകയാണ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിയും രേവന്ത് റെഡ്ഡിയും ഇന്ന് സമരമുഖത്തുണ്ട്.
കൊണാട്ട്പ്ലേസിൽ ഇൻഡ്യാമുന്നണിയുടെ യോഗം ചേർന്നശേഷം എംപിമാർ മൂന്നുബസുകളിലായി രാജ്ഘട്ടിലേക്ക് തിരിച്ചു. മോദിക്ക് സദ്ബുദ്ധിവരാൻ രാജ്ഘട്ടിൽ പ്രാർഥിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യത്തെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.
ഇന്നലെ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇൻഡ്യ സഖ്യം ഇന്ന് കൂടുതൽ ശക്തമായ പ്രതിഷേധം നടത്തുന്നത്. ബുധനാഴ്ച, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചവിരുന്നിന് ശേഷമാണ് ഒന്നിച്ച് മുന്നോട്ട് പോകാൻ പ്രതിപക്ഷ പാര്‍ട്ടികൾ തീരുമാനിച്ചത്.
അതേസമയം, ഇത് ഇന്ത്യ-പാകിസ്ഥാൻ ബോർഡർ ആണോയെന്നും എന്തിനാണ് ഇവിടെ ഇത്രയും ഫോഴ്സ് വിന്യസിച്ചിരിക്കുന്നതെന്നും ആരേയാണ് പേടിപ്പിക്കാൻ നോക്കുന്നതെന്നും ജെബി മേത്തർ എംപി ചോദിച്ചു. എന്ത് തടസ്സങ്ങൾ വന്നാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ജെബി മേത്തർ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ യാത്ര തുടരുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും ബലപ്രയോഗത്തിലും ഡോ. വി. ശിവദാസൻ എം.പി രൂക്ഷ വിമർശനമുയർത്തി. ഡൽഹിയിൽ സമരം ചെയ്യാൻ ഞങ്ങൾക്ക് എവിടെയാണിടമെന്ന് ചോദിച്ച അദ്ദേഹം, സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് അതിക്രൂരമായാണ് നേരിട്ടതെന്നും വ്യക്തമാക്കി.
0 Comments