തിരുവനന്തപുരം: തിരക്കുകൾ കാരണം മാസത്തിലൊരിക്കലെങ്കിലും സിനിമ കാണുന്ന പതിവ് മുടങ്ങിയിരുന്നുവെന്നും ഇടവേളയ്ക്കുശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടുതീർത്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം ഏറെ ആസ്വദിച്ചാണ് ‘ബത്ലഹേം കുടുംബ യൂണിറ്റ്’ കണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
സിനിമയുടെ അവതരണരീതി ഏറെ വ്യത്യസ്തമായി തോന്നിയെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഒരിടത്തുപോലും മുഷിപ്പിക്കാതെ ചെറുപ്പകാലത്തെ ഓർമകളിലേക്ക് ചിത്രം കൊണ്ടുപോയി. അന്നത്തെ നാട്ടിൻപുറങ്ങളും അവിടുത്തെ മനുഷ്യരും സാധാരണ ജീവിതവും പരസ്പരമുള്ള സ്നേഹവും ഊഷ്മളമായ പ്രണയവുമെല്ലാം സിനിമയുമായി പെട്ടെന്ന് ബന്ധപ്പെടാൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായകനും നായികയുമായി എത്തുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്നവർ പോലും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. നന്നായി ചിരിപ്പിക്കുകയും ഇടയ്ക്ക് വിഷമിപ്പിക്കുകയും ചെയ്ത ചിത്രം ആദ്യാവസാനം ആസ്വദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ചിത്രത്തെ മികവുറ്റതാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ കണ്ടശേഷം ആസ്വാദനക്കുറിപ്പുകൾ എഴുതുന്നത് പതിവില്ല. എന്നാൽ ചിത്രം നൽകിയ പുതുമയും മനസ്സിന് ലഭിച്ച ഉന്മേഷവുമാണ് കുറിപ്പെഴുതാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ എ.ഡി. ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചതായും സതീശൻ കുറിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.നടൻ സംഗീത് പ്രതാപ്, സംവിധായകൻ എ.ഡി. ഗിരീഷ്, നടൻ റോഷൻ എന്നിവർ വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നന്ദി അറിയിച്ചും രംഗത്തെത്തി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മാസത്തിൽ ഒരു സിനിമയെങ്കിലും കാണാറുണ്ടായിരുന്നത് തിരക്കുകൾ കാരണം മുടങ്ങിപ്പോയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടത്. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം അത്രമേൽ ആസ്വദിച്ചാണ് ബത്ലഹേം കുടുംബ യൂണിറ്റ് കണ്ടു തീർത്തത്.
ട്രീറ്റ്മെൻ്റിലാണ് സിനിമ വ്യത്യസ്തമാകുന്നത്. അൽപം പോലും മുഷിഞ്ഞില്ല. എൻ്റെ ചെറുപ്പകാലവുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റി. അന്ന് ഞങ്ങൾ കണ്ട നാട്ടിൻപുറങ്ങൾ, അവിടുത്തെ മനുഷ്യർ, അവിടെ കണ്ട സാധാരണ ജീവിതങ്ങൾ, അവർ തമ്മിലുള്ള സ്നേഹം, ഊഷ്മളമായ പ്രണയങ്ങൾ; അങ്ങനെ എല്ലാം കൊണ്ടും പിടിച്ചിരുത്തിയ സിനിമ. കണ്ട് കഴിഞ്ഞപ്പോൾ എന്തേ കാണാൻ വൈകിപ്പോയെന്നാണ് ചിന്തിച്ചത്.
നായകനെന്നും നായികയെന്നും പറയാവുന്ന കഥാപാത്രങ്ങൾ മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ വരുന്നവർ പോലും അവരുടെ സാന്നിധ്യം അറിയിച്ചു. നന്നായി ചിരിപ്പിച്ചു.. ഇടയ്ക്ക് ചിലപ്പോൾ വിഷമിപ്പിച്ചു... ആദ്യാവസാനം നന്നായി ആസ്വദിച്ചു. ഒരു കംപ്ലീറ്റ് ടീം വർക്കാണ് ഈ സിനിമ.ഒരു സിനിമ കണ്ടിട്ട് ആസ്വാദന കുറിപ്പ് എഴുതുന്നത് പതിവില്ലാത്തതാണ്. പക്ഷെ അത്രമേൽ ആസ്വദിച്ചത് കൊണ്ടും റിഫ്രഷ് ആയത് കൊണ്ടുമാണ് എഴുതാമെന്നു വച്ചത്.
സംവിധായകൻ എ.ഡി ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ല. ഇവർക്കൊപ്പം എൻ്റെ മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്. പാവം ഗ്ലിക്സൻ. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

0 Comments