തിരുവനന്തപുരം: കെ.പി.സി.സിക്ക് പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും. ഇതിനായുള്ള നിർണായക ചർച്ചകൾ ഈ ആഴ്ചയോടെ ഹൈക്കമാൻഡ് തലത്തിൽ സജീവമാകും. മുഴുവൻ സമയ അധ്യക്ഷനില്ലാത്തത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കങ്ങൾ വേഗത്തിലാക്കാൻ പാർട്ടി തീരുമാനിച്ചത്.
എ.പി. അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ഹൈക്കമാൻഡിന്റെ അന്തിമ പട്ടികയിലുള്ളത്. ബെന്നി ബെഹനാനും കൊടിക്കുന്നിൽ സുരേഷിനും വേണ്ടി പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പിന്തുണ ശക്തമാണ്. അതോടൊപ്പം ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിക്കുമ്പോൾ എ.പി. അനിൽകുമാറും പദവിക്കായി സജീവമായി രംഗത്തുണ്ട്.
സംസ്ഥാനത്ത് ഉടൻ പുനഃസംഘടന നടത്തണമെന്ന് നിർദ്ദേശിച്ച് ദീപാ ദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പല ജില്ലകളിലും സംഘടനാ പ്രവർത്തനം പൂർണമായും നിശ്ചലമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കെ.പി.സി.സി അധ്യക്ഷനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.സി.സി അധ്യക്ഷതലത്തിലും വൻ അഴിച്ചുപണി നടക്കും. മറ്റ് സംസ്ഥാനങ്ങളിൽ അഭിപ്രായ സർവേ നടത്തിയാണ് ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതെങ്കിലും കേരളത്തിൽ നേതാക്കളുടെ അഭിപ്രായം തേടിയാകും നിയമനം.
അതിനിടെ, കെ.പി.സി.സി പ്രസിഡന്റില്ലാത്തതിനാൽ പാർട്ടി പ്രവർത്തനം വലിയ സ്തംഭനാവസ്ഥയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും രൂക്ഷമായി വിമർശിച്ചിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്ന് അഞ്ചുമാസമായിട്ടും പാർട്ടി അനിശ്ചിതാവസ്ഥയിലാണെന്നും സുപ്രധാന രാഷ്ട്രീയ വിഷയങ്ങളിൽ യഥാസമയം നിലപാട് വ്യക്തമാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
%20(1).jpg)
0 Comments