പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റിന്റെ കീഴിൽ 1997 ൽ രൂപീകരിച്ച് വ്യാപാര ഭവൻ ബിൽഡിങ്ങിൽ തന്നെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വ്യാപാരി വ്യവസായി ഓപ്പറേറ്റീവ് സൊസൈറ്റി അവിടെനിന്ന് മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പുൽപ്പള്ളി യൂണീറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സൊസൈറ്റിയുടെ സമീപത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വ്യാപാരികൾക്ക് മാത്രം അംഗത്വം എടുക്കാൻ അർഹതയുള്ള സൊസൈറ്റി, നാമമാത്രമായ വാടകയ്ക്ക് പ്രവർത്തിക്കുന്നതും, സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് ഫർണിഷ് വർക്കുകൾ ചെയ്തു പ്രവർത്തിക്കുന്നതുമാണ്. മതിയായ പാർക്കിംഗ് ഇല്ലാത്തതിനാൽ അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന ദേശസാൽകൃത ബാങ്ക് ഉപേക്ഷിച്ചു പോയ ടൗണിലെ മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് സൊസൈറ്റി മാറ്റി സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ പേരിലാണ് വ്യാപാരികൾ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇത് സംബന്ധിച്ച് സഹകരണ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും സംഘം മെമ്പർമാർ പരാതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ട് എങ്കിലും സൊസൈറ്റി ഭരണസമിതി സമ്മർദ്ദം ചെലുത്തി സൊസൈറ്റി മാറ്റി സ്ഥാപിക്കാനുള്ള അനുവാദം നേടിയെടുക്കുകയാണ് ഉണ്ടായത്. ഇത് സംബന്ധിച്ചും സൊസൈറ്റി മെമ്പർമാർ മേലധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.പുൽപ്പള്ളി പ്രദേശത്തെ 600 ഓളം വ്യാപാരികളുടെ സ്വപ്ന സാക്ഷാത്ക്കാരമായ സൊസൈറ്റി വ്യാപാരികളിൽ നിന്നും, വ്യാപാര ഭവനിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിക്കുന്നതിനെതിരെ ഇന്ന് നടത്തുന്ന സമരം കേവലം സൂചനാ സമരം മാത്രമാണെന്നും, സൊസൈറ്റി മാറ്റി സ്ഥാപിക്കാനുള്ള നടപടികളുമായി ഭരണസമിതി മുന്നോട്ടു പോകുന്നത് വലിയ സംഘർഷത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും, ആയതിനാൽ സൊസൈറ്റി വ്യാപാര ഭവനിൽ നിന്ന് മാറ്റാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള വ്യപാരിവ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ പറഞ്ഞു.
ഏകോപന സമിതി സമിതി യൂണിറ്റ് പ്രസിഡണ്ടും,സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറുമായ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണയിൽ അജിമോൻ കെ.എസ്, ഷാജിമോൻ, കെ.വി.റഫീഖ്, സൊസൈറ്റി ഭരണസമിതി അംഗമായ സോഫിയ ഫ്രാൻസിസ്,വനിതാ വിംഗ് പ്രസിഡണ്ട് അംബിക ശിവൻ, യൂത്ത് വിംഗ് പ്രസിഡണ്ട് ബാബു രാജേഷ് എന്നിവർ പ്രസംഗിച്ചു.കെ.ജോസഫ്, പി.എം.പൈലി, പ്രസന്നകുമാർ, വേണുഗോപാൽ,സജി വർഗീസ്,ബാബു മാക്കിയിൽ,സലീൽ പൗലോസ്, പ്രഭാകരൻ, ശിവദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments