ഇഎസ്എ കരട് വിജ്ഞാപനം: കൃഷിയിടങ്ങൾ ഒഴിവാക്കിയുള്ള ഭൂപടം ഉടൻ പ്രസിദ്ധീകരിക്കണം; കിഫ

 



പേരാവൂർ: പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇഎസ്എ) സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തിൽ കർഷകരുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്നും, കൃഷിയിടങ്ങൾ പൂർണ്ണമായും ഒഴിവാക്കിയുള്ള പുതിയ ഭൂപടം സർക്കാർ പ്രസിദ്ധീകരിക്കണമെന്നും കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂലൈ 27-ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിൽ കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരി, ആറളം, കൊട്ടിയൂർ എന്നീ വില്ലേജുകളിലെ ധാരാളം കൃഷിയിടങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. തുടർന്നു ജന രോഷമുയർന്നിട്ടും തിരുത്തൽ നടപടികൾ വേണ്ടത്ര നടന്നിട്ടില്ലെന്നും കിഫ ചൂണ്ടിക്കാണിക്കുന്നു. കേരള സർക്കാരിന്റെ ബയോഡൈവേഴ്സിറ്റി ബോർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ ഭൂപടത്തിലും കണ്ണൂർ ജില്ലയിലെ ഇഎസ്എ വില്ലേജുകളിലെ കൃഷിയിടങ്ങൾ കയറി വന്നിട്ടുണ്ട്.

ഇഎസ്എ മാപ്പിൽ ഉൾപ്പെട്ടിട്ടുള്ള കൃഷിയിടങ്ങൾ പൂർണ്ണമായി ഒഴിവാക്കി പുതിയ മാപ്പുകൾ പ്രസിദ്ധീകരിക്കണം. കർഷകരുടെ ആശങ്ക അകറ്റാനുള്ള നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യ ആവശ്യപ്പെട്ടു.

കൃഷിയിടങ്ങൾ ഒഴിവാക്കുന്നതിന് പഞ്ചായത്തുകളിൽ പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കുമെന്നും, കർഷകരുടെ ഭൂമി ഒഴിവാക്കിയുള്ള അന്തിമ ഭൂപടം മാത്രമേ കേന്ദ്ര സർക്കാരിന് സമർപ്പിക്കൂ എന്നും മുൻപ് ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കിഫ ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു.

Post a Comment

0 Comments