എഐയുടെ വരവ് തൊഴില്‍ലോകത്തെ മാറ്റുമോ; ഇന്ത്യക്ക് പുതിയ വെല്ലുവിളി

 



എഐകാലത്ത് ആളുകള്‍ക്ക് തൊഴില്‍ ചെയ്യേണ്ടിവരില്ല. എല്ലാവര്‍ക്കും നിശ്ചിത തുക വരുമാനമായി ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് മാത്രം ജോലിക്ക് പോകാം. ടെസ്ലയുടേയും സ്പേസ് എക്സിന്‍േറയുമെല്ലാം തലവനായ ഇലോണ്‍ മസ്‌ക് അടുത്ത പത്ത് വര്‍ഷത്തിനുള്ള വരുന്ന മാറ്റത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. കേള്‍ക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും സുഖമൊക്കെ തോന്നും. ഒരു പണിക്കും പോകാതെ പണംകിട്ടുക. അത് നമ്മളില്‍ പലരും ഇഷ്ടപ്പെടുന്ന കാര്യമാണ്. പക്ഷേ മസ്‌ക് പറഞ്ഞത് പോലെയല്ല കാര്യങ്ങള്‍. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കും ആയിരങ്ങള്‍ ശമ്പളം വാങ്ങിയിരുന്ന പലരും ജോലിയില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നു. മുമ്പ് കൂട്ടപിരിച്ചുവിടലുകളായിരുന്നുവെങ്കില്‍ ഇന്ന് വിആര്‍എസും എത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യന്റെ തൊഴിലിനെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ദിവസവും കോര്‍പ്പറേറ്റ് മേഖലയില്‍ മാത്രമല്ല മറ്റിടങ്ങളിലും പിരിച്ചുവിടല്‍ വരുന്നു. എഐ മൂലമുണ്ടാകുന്ന പിരിച്ചുവിടല്‍ ഇനിയും തുടരുമോ. കോര്‍പ്പറേറ്റ് തൊഴില്‍ മേഖലയില്‍ എഐ എന്ത് മാറ്റമുണ്ടാക്കും. തൊഴിലില്ലാതാവുന്ന ആളുകള്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ പുതിയ വെല്ലുവിളിയാവുമോ ?.

മാസങ്ങള്‍ക്ക് മുമ്പ് മൈക്രോസോഫ്റ്റിന്റെ പോസിറ്റീവ് വര്‍ക്ക് കള്‍ച്ചര്‍ ഇന്‍സ്റ്റ റീലുകളില്‍ നിറഞ്ഞിരുന്നു. കമ്പനി നല്‍കുന്ന ഭക്ഷണത്തില്‍ തുടങ്ങി ജീവനക്കാര്‍ക്ക് കൊടുക്കുന്ന സൗകര്യങ്ങളാണ് റീലുകളുടെ ഉള്ളടക്കം. മൈക്രോസോഫ്റ്റാണ് 60,000 ജീവനക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.. ഒറ്റയടിക്ക് ജീവനക്കാരെ ഒഴിവാക്കുന്നതിന് പകരം വിആര്‍എസ് എന്ന ഓപ്ഷന്‍ മൈക്രോസോഫ്റ്റ് മുന്നോട്ടുവെച്ചു. ഒഴിവാക്കേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കി അവര്‍ക്ക് മെയില്‍ അയച്ചു. ഒഴിവാക്കേണ്ട ജീവനക്കാര്‍ക്കുള്ള ആനുകൂല്യവും പ്രഖ്യാപിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാപകമായതോടെ മുമ്പുള്ള ജീവനക്കാരെ കമ്പനിക്ക് വേണ്ട. അതു്െകാണ്ട് മാന്യമായി പിരിഞ്ഞ് പോകാനുള്ള അവസരം തങ്ങള്‍ നല്‍കുന്നുവെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. മുന്‍കൂര്‍ ശമ്പളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയാണ് പിരിച്ചുവിടല്‍. വിആര്‍എസിനോട് നോ പറയുന്ന ജീവനക്കാരെ നിര്‍ബന്ധിതമായി പിരിച്ചുവിടുമെന്ന് സൂചനയുണ്ട്.

മോശമായ രീതിയിലാണ് ഇന്നോഡേറ്റ എന്ന എഐ കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്. ഒരു മുന്നറിയിപ്പ് നല്‍കാതെ ലഞ്ചിന് ശേഷം ജീവനക്കാര്‍ക്ക് തൊഴില്‍ പോകുകയായിരുന്നു. ജീവനക്കാര്‍ക്ക് അവരുടെ ഔദ്യോഗിക ഡിവൈസുകളിലേക്കും സിസ്റ്റത്തിലേക്കുള്ള ആക്സസ് നഷ്ടപ്പെടുകയായിരുന്നു. ഇതുപോലെ തന്നെയാണ് ആമസോണിലേയും പിരിച്ചുവിടല്‍. അതിരാവിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിക്കുകയായിരുന്നു. കിന്‍ഡില്‍ ഇ-ബുക്ക് റീഡര്‍, ഇക്കോ സ്പീക്കറുകള്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

പിരിച്ചുവിടല്‍ ഈ കമ്പനികളില്‍ മാത്രം ഒതുങ്ങുന്നില്ല. മെഴ്സിഡെസ് ബെന്‍സ്, സ്‌കൈഡാന്‍സ് തുടങ്ങിയ കമ്പനികളാണ് ഇനി പിരിച്ചുവിടല്‍ നടത്താന്‍ ഒരുങ്ങുന്നത്. ഇതിന് മുമ്പ് മെറ്റയും ഒറാക്കളിനേയും പോലുള്ള വമ്പന്‍മാരും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.

എഐ വലിയ രീതിയില്‍ സമ്പദ്വ്യവസ്ഥകളെ ബാധിക്കുമെന്ന പ്രവചനങ്ങള്‍ എത്തി കഴിഞ്ഞു. ഗോള്‍ഡ്മാന്‍ സാച്ചസാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഇതുമൂലം തൊഴിലില്ലായ്മ നിരക്ക് യുഎസ് പോലുള്ള വികസിത സമ്പദ്വ്യവസ്ഥകളില്‍ അര ശതമാനം ഉയരും. യുഎസിലെ തൊഴിലുകളില്‍ ആറ് മുതല്‍ ഏഴ് ശതമാനത്തെ വരെ എഐ ബാധിക്കും. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, അക്കൗണ്ടിങ്, ഓഡിറ്റിങ്, ഓഫീസ് ജോലികള്‍, ടെലിമാര്‍ക്കറ്റിങ്, പ്രൂഫ് റീഡിങ് തുടങ്ങി നിരവധി തൊഴിലുകളെ എഐ ബാധിക്കും. ആഗോള സമ്പദ്വ്യവസ്ഥയില്‍ എഐ വലിയ ചലനങ്ങളുണ്ടാക്കുമെന്നും പ്രവചനമുണ്ട്.ഇനി ഇന്ത്യയില്‍ എഐ എന്ത് ചലനമുണ്ടാക്കുമെന്ന് നോക്കാം.

ഇന്ത്യയില്‍ 300 ബില്യണ്‍ ഡോളറിന്റെ ഐടി വ്യവസായത്തെ എഐ കാര്‍ന്നുതിന്നുമോയെന്ന ഭയമാണ് ഉയര്‍ന്നിരിക്കുന്നത്. തൊഴില്‍ നഷ്ടത്തിനപ്പുറം വലിയ അലയൊലികള്‍ സൃഷ്ടിക്കുന്നതായിരിക്കും ഈ പിരിച്ചുവിടല്‍.

ഇന്ത്യ ഐടി വ്യവസായം ലക്ഷക്കണക്കിന് ാെഴിലുകളാണ് കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ സൃഷ്ടിച്ചത്. ഇത് സമ്പദ്വ്യവസ്ഥയില്‍ പുതിയൊരു മിഡില്‍ ക്ലാസിനെ സൃഷ്ടിക്കുകയും ചെയ്തു. ഈ പുത്തന്‍ മിഡില്‍ ക്ലാസിനെയും ഐടി വ്യവസായത്തേയും എഐ എങ്ങനെ ബാധിക്കുമെന്നാണ് ആശങ്ക. ഈ വര്‍ഷം നിഫ്റ്റി ഐടി ഇന്‍ഡക്സ് 10 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ഫെബ്രുവരിയില്‍ ആന്ത്രോപിക് ക്ലോഡിന്റെ പുതിയ ടൂള്‍ പുറത്തിറക്കിയതോടെയാണ് നിഫ്റ്റിയുടെ ഐടി ഇന്‍ഡക്സിന്റെ തകര്‍ച്ച തുടങ്ങിയത്. ഇതിനൊപ്പം യുദ്ധം പോലുള്ള മറ്റ് ഘടകങ്ങളുമുണ്ട്. എങ്കിലും ഇടിവിനുള്ള വലിയൊരു കാരണം എഐയാണ്.

ഇതിനൊപ്പം ചില നിര്‍ണായക വിലയിരുത്തലുകള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. 2030ഓടെ ഐടി മേഖലയിലെ എന്‍ട്രി ലെവല്‍ ജോലികളില്‍ 50 ശതമാനവും ഇല്ലാതാകുമെന്നാണ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനൊപ്പം എഐ വരുന്നതോടെ കമ്പനികളുടെ വരുമാനത്തിലും കുറവുണ്ടാകുമെന്ന് പ്രവചനമുണ്ട്. വരുമാനം മൂന്ന് ശതമാനമെങ്കിലും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

എന്നാല്‍, എഐ വരുന്നതോടെ നെഗറ്റീവ് മാറ്റങ്ങള്‍ മാത്രമാണ് തൊളിലാളികള്‍ക്ക് ഉണ്ടാവുകയെന്ന വാദം തെറ്റാണ്. ജെപി മോര്‍ഗന്‍ എഐക്കിടയിലും തൊഴിലുകളില്‍ ചില പോസിറ്റീവ് മാറ്റങ്ങള്‍ പ്രവചിക്കുന്നുണ്ട്. ഐടി കമ്പനികളെ ടെക് ലോകത്തിന്റെ പ്ലംബര്‍മാരാണ്. സങ്കീര്‍ണമായ ചില തൊഴിലുകള്‍ ചെയ്യാന്‍ എഐ കമ്പനികളെ സഹായിക്കും. ഇതിനൊപ്പം പുതിയ തൊഴില്‍മേഖലകള്‍ എഐ സൃഷ്ടിക്കുമെന്നാണ് ജെപി മോര്‍ഗന്റെ വിലയിരുത്തല്‍.

ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖും ഈ വിലയിരുത്തലാണ് നടത്തുന്നത്. ജനറേറ്റീവ് എഐ മൂലം 92 മില്യണ്‍ തൊഴിലുകള്‍ ഇല്ലാതാകും. ഫ്രണ്ട് എന്‍ഡ് ഡെവലപ്പേഴ്സ്, ടെസ്റ്റേഴ്സ് എന്നിവര്‍ക്കാണ് തൊഴില്‍ പോവുക. 170 മില്യണ്‍ പുതിയതൊഴിലുകള്‍ ഇത് സൃഷ്ടിക്കുകയും ചെയ്യും. എഐ എന്‍ജിനീയേഴ്സില്‍ തുടങ്ങി എഐ ലീഡ്സ് വരെ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും.

എഐ മനുഷ്യരുടെ ജോലി ഇല്ലാതാക്കുമോ, അതോ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമോ?. രണ്ടും സംഭവിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി ജോലി നഷ്ടപ്പെടുന്നതു മാത്രമല്ല, മാറുന്ന തൊഴില്‍മേഖലയ്ക്ക് അനുസരിച്ച് പുതിയ കഴിവുകള്‍ നേടുക എന്നതുകൂടിയാണ്. ഇന്ത്യയുടെ ഐടി വ്യവസായത്തിനും അതില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കും എഐ ഒരു പുതിയ പരീക്ഷണമായിരിക്കും. ഈ മാറ്റത്തെ നേരിടാന്‍ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും എത്രത്തോളം കഴിയുമെന്നതായിരിക്കും ഭാവി തീരുമാനിക്കുക.

Post a Comment

0 Comments