വനിതാ ഐ എ എസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം; ടി വി കെ എംഎല്‍എ അറസ്റ്റില്‍

 



ചെന്നൈ: ഐഎഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശമയക്കുകയും ചെയ്‌തെന്ന കേസില്‍ ടിവികെ എംഎല്‍എ അറസ്റ്റില്‍. കള്ളക്കുറിച്ചി എംഎല്‍എ അരുള്‍ വിഘ്‌നേഷാണ് അറസ്റ്റിലായത്. വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥര്‍ അരുള്‍ വിഘ്‌നേഷിന്റെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, മോശമായ രീതിയില്‍ പെരുമാറിയെന്നുമാണ് എംഎല്‍എക്കെതിരായ ആരോപണം. അറസ്റ്റിന് പിന്നാലെ അരുള്‍ വിഘ്‌നേഷിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കേസന്വേഷണത്തിന്റെ ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥരിലേക്കെത്തിയത്. തിരുപ്പൂര്‍ പൊലീസ് സൂപ്രണ്ട് സൃഷ്ടി സിങ്ങിനാണ് അന്വേഷണച്ചുമതല. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ കാകര്‍ള ഉഷയുടെ നേതൃത്വത്തില്‍ നാലംഗ ആഭ്യന്തര അന്വേഷണസമിതിയെയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

കേസിൽ പരാതിക്കാരിയായ വനിതാ ഉദ്യോഗസ്ഥ വ്യാഴാഴ്ച ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം മൊഴി നൽകിയിരുന്നു. കലക്ടറുടെ ക്യാമ്പ് ഓഫീസിലെത്തി അന്വേഷണസംഘവും മൊഴിയെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് മുതിർന്ന ഉദ്യോഗസ്ഥരിൽനിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, രാഷ്ട്രീയപ്രേരിതമാണെന്നുമാണ് അരുൾ വിഘ്നേഷിന്‍റെ പ്രതികരണം.

Post a Comment

0 Comments