മതേതര നിലപാടാണ് യുഡിഎഫിൻ്റെ ശക്തി; തെരഞ്ഞെടുപ്പ് സമയത്തും വർഗീയത പറയുന്നവരെ അകറ്റി നിർത്തിയെന്ന് വി.ഡി സതീശൻ







കൊച്ചി: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും മതേതര നിലപാടുകളെ പ്രകീർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുസ്‌ലിം ലീഗ് ശക്തി പ്രാപിച്ചത് അവരുടെ മതേതര നിലപാടുകൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മതേതര നിലപാടാണ് യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിയെന്നും അതിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്തും ഈ നിലപാടിൽ മാറ്റമുണ്ടായിരുന്നില്ല. വർഗീയത പറയുന്നവരെ അകറ്റിനിർത്തിക്കൊണ്ടായിരുന്നു യുഡിഎഫ് പ്രചാരണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സമ്മേളനത്തിൽ ഇടതുപക്ഷത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. കാലഹരണപ്പെട്ട ആശയങ്ങളുമായാണ് ചിലർ ഇപ്പോഴും മുന്നോട്ടുപോകുന്നതെന്നും സർവകലാശാലകളിൽ അക്രമം തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇത്തരം സാഹചര്യങ്ങൾ ഭയന്ന് വിദ്യാർഥികൾ നാടുവിടുന്ന അവസ്ഥയാണുള്ളതെന്നും കലാലയങ്ങളിൽ ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും വിദ്യാർഥികൾക്ക് കത്തിയും കുത്തും നൽകുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

അക്രമരാഷ്ട്രീയത്തിനെതിരായ വിജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്. ചിന്തിക്കുന്ന ജനത മുന്നോട്ടുവന്നതോടെയാണ് മാറ്റമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സർക്കാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ അതിനെ നേരിടാൻ അക്രമം അഴിച്ചുവിടുകയാണ് ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

'നിങ്ങളുടെ കാലം കഴിഞ്ഞു, അക്രമത്തിന്റെ കാലം കഴിഞ്ഞു. ആ പരിപ്പ് ഇനി വേവില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉള്ളതുപോലും ഇല്ലാതാകുന്ന പതനത്തിലേക്കാണ് ഇടതുപക്ഷം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങൾ കലാലയങ്ങളിലും നടപ്പാക്കാൻ ശ്രമിക്കുമ്പോൾ അവിടെ വലിയ കലാപങ്ങൾ സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഈ ആശയങ്ങളുടെ കാലം കഴിഞ്ഞുവെന്ന് ഇടതുപക്ഷം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments