കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശം: ദേശീയ വനിതാ കമ്മീഷൻ അപലപിച്ചു

 



ദില്ലി : കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി നേതാവ് നടത്തിയ 'ഭീകരരുടെ സഹോദരി'പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ അപലപിച്ചു. സ്ത്രീകൾക്കെതിരായ ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സിനെ മുറിവേൽപ്പിക്കുന്നത് മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്ന രാജ്യത്തിന്റെ പെൺമക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. വിവാദ പരാമർശം നടത്തിയ മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷായുടെ പേരെടുത്ത് പറയാതെയാണ് ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ അപലപിച്ചത്.

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് ഷാ സോഫിയക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെ വിട്ട് മോദി പാഠം പഠിപ്പിച്ചുവെന്നായിരുന്നു വിവാദ പ്രസംഗം. ''മതം ചോദിച്ച് വിവസ്ത്രരാക്കിയാണ് 26 പേരെ ഭീകരര്‍ വെടിവച്ച് കൊന്നത്. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ആ ഭീകരരെ നേരിടാന്‍ അവരുടെ സമുദായത്തില്‍ പെടുന്ന ഒരാളെ തന്നെ മോദി അയച്ചു. ഭീകരകരുടെ സഹോദരിയെ വിട്ട് മറുപടി നല്‍കി''. ഇതായിരുന്നു വിജയ് ഷായുടെ വാക്കുകള്‍ ബിജെപിയുടെ നയമാണോ മന്ത്രിയുടെ വായിലൂടെ പുറത്ത വന്നതെന്നും, ഉടന്‍ വിജയ് ഷായെ പുറത്താക്കണമെന്നും മധ്യപ്രദേശ് പിസിസി ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കി.

Post a Comment

0 Comments