കൊട്ടിയൂർ വൈശാഖ മഹോത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഒരുക്കി പൈപ്പിടൽ പ്രവർത്തി




 കൊട്ടിയൂര്‍: ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി മലയോര ഹൈവേയിലെ റോഡരികില്‍ പൈപ്പിട്ട് കുഴികള്‍ മൂടിയ ഇടങ്ങളില്‍ വാഹനങ്ങള്‍ താഴ്ന്ന് പോകുമോയെന്ന് ആശങ്ക. കൊട്ടിയൂര്‍ പഞ്ചായത്തിലാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി റോഡരികില്‍ കുഴിയെടുത്ത് പൈപ്പ് ഇടുന്ന പ്രവൃത്തി നടക്കുന്നത്. പൈപ്പ് ഇട്ട ശേഷം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴി മൂടുക മാത്രമാണ് ചെയ്യുന്നത്. റോഡരികില്‍ പലയിടത്തും ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡിലൂടെയും റോഡരികിലൂടെയുമാണ് മഴക്കാലത്ത് വെളളം ഒഴുകുന്നത്. മഴക്കാലത്ത് കുഴി മൂടിയ ഭാഗത്ത് വാഹനങ്ങള്‍ താഴ്ന്ന് പോകാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. 

നേരത്തെ കണിച്ചാര്‍ പഞ്ചായത്ത് പരിധിയില്‍ പലയിടത്തായി റോഡരികില്‍ പൈപ്പ് ഇട്ട് കുഴി മൂടിയ ഇടങ്ങളില്‍ ബസ്, ലോറി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ താഴ്ന്ന് പോയിരുന്നു. 

12 മീറ്റര്‍ വീതിയുളള മലയോര ഹൈവേയുടെ ഒമ്പത് മീറ്റര്‍ വീതിയിലാണ് ടാറിങ് ഉളളത്. ദിവസേന നിരവധി വാഹനങ്ങളാണ് മലയോര ഹൈവേയിലൂടെ കടന്ന് പോകുന്നത്. കൊട്ടിയൂര്‍ ഉത്സവം ജൂണില്‍ ആരംഭിക്കുന്നതോടെ മലയോര ഹൈവേയിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. വലിയ ബസുകളില്‍ ഉള്‍പ്പെടെയാണ് ഭക്തര്‍ കൊട്ടിയൂരിലേക്ക് എത്തുന്നത്. വലിയ വാഹനങ്ങള്‍ വശം കൊടുക്കാനായി റോഡില്‍ നിന്നും ഇറക്കുമ്പോള്‍ റോഡരികിലെ മണ്ണില്‍ താഴ്ന്ന് പോയാല്‍ വന്‍ ഗതാഗതക്കുരക്ക് തന്നെയാകും ഫലം. കൊട്ടിയൂര്‍ പഞ്ചായത്തില്‍ പൈപ്പ് ഇട്ട് കുഴികള്‍ മൂടിയ ഭാഗം റോഡ് റോളര്‍ ഉപയോഗിച്ച് ഉറപ്പിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യം ഉന്നയിക്കുന്നത്. 

ജല്‍ജീവന്‍ പദ്ധതി പ്രകാരം മണ്ണ് ഇളക്കി പൈപ്പ് ഇട്ടതിനാല്‍ മഴക്കാലത്ത് വാഹനങ്ങള്‍ ചെളിയില്‍ അമര്‍ന്ന് ഗതാഗത പ്രശ്നം കൂടുതല്‍ രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് റസിഡന്‍സ് അസോസിയേഷന്‍ ഉന്നയിച്ചു. റോഡിന്റെ ഇരുവശവും രണ്ട് മീറ്റര്‍ വീതിയില്‍ ക്വാറിവെയ്സ്റ്റ് ഇട്ട് റോളര്‍ കൊണ്ട് ഒതുക്കി ഗതാഗത സൗകര്യം കാര്യക്ഷമമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുന്നതായി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ സി.എ. രാജപ്പന്‍, ജില്‍സ് എം. മേക്കല്‍, ജേക്കബ് ചോലമറ്റം എന്നിവര്‍ പറഞ്ഞു.



Post a Comment

0 Comments