രാജ് ഭവനെ ആർഎസ്എസ് ആശയ പ്രചരണ കേന്ദ്രമാക്കി മാറ്റുന്നു; ഗവര്‍ണര്‍ക്കെതിരെ മന്ത്രി ആര്‍.ബിന്ദു

 

തിരുവനന്തപുരം: ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഗവർണർ രാജ് ഭവനെ ആർഎസ്എസ് ആശയ പ്രചരണ കേന്ദ്രമാക്കി മാറ്റുകയാണ് . ആരിഫ് മുഹമ്മദ് ഖാനാണ് ഇതിന് തുടക്കമിട്ടത്. ആർഎസ്എസ് ബിംബങ്ങൾ ശേഖരിച്ച് വെക്കാനുള്ള ഇടമാക്കി രാജ് ഭവനെ തരം താഴ്ത്തരുത്. അതിന് മുന്നിൽ താണ് വണങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുത്. പ്രോട്ടോക്കോൾ ലംഘനം നടത്തിയത് ഗവർണറാണ്. മന്ത്രി ശിവൻകുട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ബിന്ദു പറഞ്ഞു.

ഇംഗ്ലീഷ് ഭാഷയെ തള്ളിയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേത് സങ്കുചിത രാഷ്ട്രീയത്തിന്‍റെ നിലപാടാണ്. ഭാഷാ പരിഷ്കരണം എന്നത് ഹിന്ദി അടിച്ചേൽപ്പിക്കലല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഗവർണറെ പൂർവാശ്രമത്തിലെ ബഞ്ച് ഓഫ് തോട്ട്‌സ് അല്ല ഭരണഘടനയാണ് നയിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മണ്ണും പ്രകൃതിയുമാണ് ഭാരതാംബ. സർക്കാർ- ഗവർണർ ഏറ്റുമുട്ടലിലേക്ക് പോയാൽ ജനങ്ങൾ നേരിടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാരിന് താൽപര്യമില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക് വ്യക്തമാക്കി. ബിജെപിയുടെ ചട്ടുകമായി ഗവർണർ മാറുന്നു. ഭരണഘടനയ്ക്ക് മുകളിലല്ല ഒരു പ്രോട്ടോകോളും. ശക്തമായ നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments