വെളിച്ചെണ്ണയ്ക്ക് വില ഉയരുന്നു; മറ്റ് എണ്ണകള്‍ക്ക് ആവശ്യക്കാരേറുന്നു

 

കുറ്റിപ്പുറം: നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില ദിനംപ്രതി വര്‍ധിച്ച്‌ കൊണ്ടിരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. വെളിച്ചെണ്ണ കിലോയ്ക്ക് 390 രൂപ മുതല്‍ 400 രൂപ വരെയായി ഉയർന്നു. പൊതിച്ച നാളികേരം കിലോയ്ക്ക് 70 മുതൽ 80 രൂപയും ആയി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വെളിച്ചെണ്ണയ്ക്ക് 200 രൂപയും നാളികേരം 35 മുതല്‍ 40 രൂപ വരെയുമായിരുന്നു. കഴിഞ്ഞ ഓണത്തിന് ശേഷമാണ് വെളിച്ചെണ്ണയ്ക്കും നാളികേരത്തിന് വില വല്ലാതെ ഉയര്‍ന്നുതുടങ്ങിയത്.

കഴിഞ്ഞ പെരുന്നാളിനുശേഷം വില വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിലവര്‍ധനവ് കുടുംബബജറ്റിനെ തകര്‍ക്കുന്നതിനൊപ്പം ഭക്ഷണനിര്‍മാണ, വിതരണ മേഖലകളെയും വലിയ പ്രതിസന്ധിയിലാക്കി. ഹോട്ടല്‍, കാറ്ററിങ്, ബേക്കറി മേഖലകളില്‍ വിലവര്‍ധന വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സദ്യകള്‍ക്ക് 15 ശതമാനത്തിലധികം ചെലവേറിക്കഴിഞ്ഞു. ഹോട്ടലുകളിലും പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ ചെലവ് വലിയ രീതിയിലാണ് ഉയര്‍ന്നത്.

അതേസമയം, വെളിച്ചെണ്ണയുടെ വില വർധിച്ചതോടെ പാമോയില്‍, സണ്‍ഫ്ലവർ ഓയിലുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. ആവശ്യക്കാര്‍ ഏറിയെങ്കിലും പാമോയിലിനും സണ്‍ഫ്‌ളവര്‍ ഓയിലിനും വിലവര്‍ധന ഉണ്ടായിട്ടില്ല. നേരത്തേ വര്‍ധിച്ച വിലയില്‍ നിന്ന് കുറവാണ് ഇപ്പോള്‍. വെളിച്ചെണ്ണയ്ക്ക് വിലവര്‍ധനവ് ഉണ്ടാവുമ്പോഴും ചില കമ്പനികളുടെ വെളിച്ചെണ്ണയ്ക്ക് വില താരതമ്യേന കുറവുമാണ്. 340-രൂപ വരെ വിലയുള്ള വെളിച്ചെണ്ണയും വിപണിയില്‍ വ്യാപകമായുണ്ട്. വെളിച്ചെണ്ണ വിപണിയില്‍ നിരവധി കമ്പനികള്‍ ഇപ്പോഴുണ്ട്. അറിയപ്പെടാത്ത കമ്പനികളുടെ വെളിച്ചെണ്ണയ്ക്കാണ് വിലക്കുറവുള്ളത്.

Post a Comment

0 Comments