കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം പ്രഖ്യാപിച്ചു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ അഖില്‍ പി ധര്‍മജനാണ് ഇത്തവണത്തെ യുവപുരസ്‌കാരം സ്വന്തമാക്കിയത്. റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന പുസ്തകവും നേടി. മലയാള വിഭാഗത്തിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് റാം കെയര്‍ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിൻ്റെ ഇതിവൃത്തം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. ‘സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല. അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്. ഇവിടെ വരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എൻ്റെ ഉമ്മകൾ’ അഖിൽ കുറിച്ചു.
തൃശൂർ ജില്ലയിലെ ചേർപ്പ് സിഎൻഎൻ ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപകനാണ് നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത്. പാലറ്റ്, നയൻമൊനി, നിണവഴിയിലെ നിഴലുകൾ, ആഫ്രിക്കൻ തുമ്പികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. നോവൽ, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
0 Comments