കണ്ണൂര്‍: ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് ജയില്‍ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു.
സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല. ആറ് മാസമായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജയില്‍ സൂപ്രണ്ടിനെതിരെ നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഗോവിന്ദചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോ എന്നതില്‍ അന്വേഷണം വേണമെന്നും ജയില്‍ മേധാവിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിറങ്ങി. നാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. സംസ്ഥാന പോലീസ്,ജയിൽ മേധാവിമാരും,ആഭ്യന്തര സെക്രട്ടറിയും,വിവിധ ജയിലുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ജയിലുകളിൽ പരിശോധന കർശനമാക്കാനുള്ള നിർദ്ദേശം ഇന്നലെത്തന്നെ ആഭ്യന്തര വകുപ്പ് നൽകിയിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെങ്കിലും അതിൽ ഒതുങ്ങാൻ സാധ്യതയില്ലെന്നാണ് സൂചന.
ഇന്നലെ പുലര്‍ച്ചെ ഓന്നേകാലോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തുമണിക്കൂറിന് ശേഷമാണ് തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ നിന്ന് പിടികൂടിയത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്. അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിന്റെ ഗ്രില്‍ അറുത്തുമാറ്റിയ ശേഷം ഏഴര മീറ്റര്‍ ഉയരമുള്ള മതിലില്‍ തുണികെട്ടിയായിരുന്നു ജയില്‍ചാട്ടം.
0 Comments