കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് ഇരുമ്പ് കമ്പി അറുത്ത് മാറ്റിയെന്ന് പൊലീസ്. വസ്ത്രം അഴിച്ചുമാറ്റി കൂട്ടിക്കെട്ടി മതിലിന് മുകളിലേക്ക് എറിഞ്ഞ് അതുവഴി രക്ഷപ്പെടുകയായിരുന്നു. ആകാശവാണിയുടെ സമീപത്തെ മതിലാണ് ചാടിക്കടന്നത്. ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാൻ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവങ്ങളിൽ ഗോവിന്ദച്ചാമിയെ സന്ദർശിച്ചവരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്.രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുണ്ട്.ക്വാറന്റൈൻ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്.എന്നാല്‍ പൊലീസിന് വിവരം ലഭിക്കുന്നത് രാവിലെ ഏഴുമണിയോടെയാണ്.
കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. പ്രതിക്ക് വേണ്ടി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമിയാണോ രക്ഷപ്പെട്ടതെന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല. റെയില്‍വെ സ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. വിവരം ലഭിക്കുന്നവർ 9446899506 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേ,സൗമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു.
തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.
0 Comments