ന്യൂഡല്‍ഹി: കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് രാജ്യം. ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. പാകിസ്താനോടുളള കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യം വിജയം വരിച്ചിട്ട് 26 വര്‍ഷം. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ വിളിച്ചറിയിച്ച സന്ദര്‍ഭമായിരുന്നു കാര്‍ഗില്‍ യുദ്ധവും അതിന്റെ പരിസമാപ്തിയും.
യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. ഇന്ത്യന്‍ മണ്ണിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ് കാര്‍ഗില്‍ മലനിരകളില്‍ യുദ്ധം ആരംഭിച്ചത്.
5000-ത്തോളം പാക് സൈനികരും തീവ്രവാദികളുമായിരുന്നു അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ പ്രത്യാക്രമണം ആരംഭിച്ചു. പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുകയും ഓപ്പറേഷന്‍ വിജയിന്റെ ഭാഗമായി ടൈഗര്‍ ഹില്ലും മറ്റ് പോസ്റ്റുകളും തിരിച്ചുപിടിക്കുന്നതില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.
1999 മെയ് 8 ന് ആരംഭിച്ച യുദ്ധം ജൂലൈ 26 നാണ് അവസാനിച്ചത്.യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ന് ദ്രാസിലെ യുദ്ധസ്മാരകത്തില്‍ കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.
പുറമെ രാജ്യത്തെ വിവിധ ഇടങ്ങളിലും കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കും. വിജയ് ദിവസിന്റെ ഭാഗമായി ദ്രാസില്‍ ഇന്ത്യ തദ്ദേശമായി വികസിപ്പിച്ച ആയുധങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. ഓപ്പറേഷന്‍ സിന്ധൂറും ഇന്ത്യ, പാക്ക് സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയുള്ള ആദ്യ വിജയ് ദിവസില്‍ അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
0 Comments