ഇപിഎഫ്‌ഒ: ജീവനക്കാരുടെ മരണാനന്തര സഹായനിധി 15 ലക്ഷം രൂപയായി ഉയര്‍ത്തി; നടപടിക്രമങ്ങള്‍ ലളിതമാക്കിkwr


എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ജീവനക്കാര്‍ക്കായുള്ള മരണാനന്തര സഹായനിധി 8.8 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.

2025 ഏപ്രില്‍ 1 മുതല്‍ ഇതിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. സര്‍വീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരുടെ നോമിനിക്കോ നിയമപരമായ അവകാശികള്‍ക്കോ ഈ തുക ലഭിക്കും. സ്റ്റാഫ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ് ഇത് നല്‍കുക. കൂടാതെ, പണപ്പെരുപ്പം പരിഗണിച്ച്‌ 2026 ഏപ്രില്‍ 1 മുതല്‍ മരണാനന്തര സഹായനിധി തുകയില്‍ ഓരോ വര്‍ഷവും 5% വര്‍ധനവ് വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇ.പി.എഫ്.ഒ പരിഷ്‌കാരങ്ങള്‍

നടപടിക്രമങ്ങള്‍ ലളിതമാക്കാനും വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ഇ.പി.എഫ്.ഒ ഈ വര്‍ഷം നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഇവ ഇപ്രകാരമാണ്.
മരണാനന്തര ക്ലെയിമുകള്‍: മരണപ്പെടുന്ന ജീവനക്കാരുടെ കുട്ടികള്‍ക്ക് ക്ലെയിം തുക ലഭിക്കാന്‍ ഇനി ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
ജോയിന്റ് ഡിക്ലറേഷന്‍: യു.എ.എന്‍-ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്കും ആധാറില്‍ തിരുത്തലുകള്‍ വരുത്തേണ്ടവര്‍ക്കും നടപടിക്രമങ്ങള്‍ ലളിതമാക്കി.
ഈ പരിഷ്‌കാരങ്ങളിലൂടെ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
റെക്കോര്‍ഡ് തൊഴില്‍ വളര്‍ച്ച

ജൂണിലെ ഇ.പിഎഫ്.ഒയുടെ കണക്ക് അനുസരിച്ച്‌, 2.18 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. 2018 ഏപ്രില്‍ മുതല്‍ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് 2025 മേയിനെ അപേക്ഷിച്ച്‌ 8.9% കൂടുതലാണ്. പുതുതായി ഇ.പി.എഫ്.ഒയില്‍ ചേര്‍ന്ന 1.06 ദശലക്ഷം വരിക്കാരില്‍ 60.2% (0.64 ദശലക്ഷം) പേര്‍ 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ്. ഇത് സംഘടിത മേഖലയില്‍ തൊഴില്‍ തേടുന്ന യുവതലമുറയുടെ വര്‍ധനവ് സൂചിപ്പിക്കുന്നു. കൂടാതെ, ഏകദേശം 1.69 ദശലക്ഷം അംഗങ്ങള്‍ തൊഴില്‍ മാറിയെങ്കിലും പി.എഫ് തുക പിന്‍വലിക്കാതെ ട്രാന്‍സ്ഫര്‍ ചെയ്തതിനാല്‍ അവരുടെ ആനുകൂല്യങ്ങള്‍ തുടര്‍ച്ചയായി ലഭിക്കും.

വനിതാ പങ്കാളിത്തവും സംസ്ഥാനങ്ങളുടെ സംഭാവനയും

2025 ജൂണില്‍ 0.47 ദശലക്ഷം വനിതകള്‍ ഇ.പി.എഫ്.ഒയില്‍ അംഗങ്ങളായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 10.3% വര്‍ധനവാണിത്. അഞ്ച് സംസ്ഥാനങ്ങളില്‍ ആണ് 61.5% തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടത്. ഇതില്‍ 20.03% സംഭാവന ചെയ്ത മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍, കണ്‍സ്ട്രക്ഷന്‍ മേഖല, യൂണിവേഴ്സിറ്റികള്‍, മറ്റ് സേവന മേഖലകള്‍ എന്നിവയിലാണ് തൊഴില്‍ വളര്‍ച്ച കൂടുതലായി കാണുന്നത്.

Post a Comment

0 Comments