പ്രകൃതിയെ നിലനിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിനാവശ്യം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

 


കണ്ണൂർ : പ്രകൃതിയെ നിലനിർത്തിക്കൊണ്ടുള്ള വികസനമാണ് നാടിനാവശ്യമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന ശിൽപശാല മുണ്ടേരി പിഎച്ച്സി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാനുള്ള പോരാട്ടം ഏറെ മുന്നോട്ട് പോയാൽ മാത്രമേ ഭൂമിയുടെ സ്വാഭാവികത നിലനിർത്താൻ കഴിയൂ. വികസനത്തിനൊപ്പം പ്രകൃതിയും നിലനിൽക്കണം. ദേശാടന പക്ഷി വൈവിധ്യങ്ങളാൽ സമ്പന്നമായ മുണ്ടേരിക്കടവ് പ്രകൃതിയുടെ സംഭാവനയാണ്. ഇതിനെ സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര മേഖലയുടെ വികസനം കൂടി സാധ്യമായാൽ മുണ്ടേരിയും അതിലൂടെ സംസ്ഥാനവും ലോക ശ്രദ്ധയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനീഷ അധ്യക്ഷയായി. 'മുണ്ടേരിയിലെ പക്ഷികൾ' എന്ന വിഷയത്തിൽ കണ്ണൂർ സർവ്വകലാശാല പരിസ്ഥിതി പഠനവകുപ്പ് മുൻ കോഴ്‌സ് ഡയറക്ടർ ഡോ. ഖലീൽ ചൊവ്വ, 'പക്ഷി നിരീക്ഷണവും ജീവനോപാധി അവസരവും' എന്ന വിഷയത്തിൽ വന്യജീവി ജീവശാസ്ത്രജ്ഞൻ എ.സി. അർജുൻ, 'മുണ്ടേരിക്കടവ് ഇക്കോ ടൂറിസം വികസനവും തൊഴിലവസരങ്ങളും' എന്ന വിഷയത്തിൽ തെന്മല ഇക്കോ ടൂറിസം പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ഡി. മനോജ്കുമാർ എന്നിവർ ക്ലാസെടുത്തു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, വൈസ് പ്രസിഡന്റ് എ പങ്കജാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ബിന്ദു, മുണ്ടേരി പഞ്ചായത്ത് അംഗം മുംതാസ് ടീച്ചർ, തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റി പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ഡി. മനോജ്കുമാർ, എച്ചൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എം പദ്മനാഭൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments