ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന് നാല് അവാര്‍ഡുകള്‍

 




തിരുവനന്തപുരം: ഇ-ഗവേണന്‍സ് അവാര്‍ഡുകളില്‍ നാല് പുരസ്കാരങ്ങൾ ആരോഗ്യ വകുപ്പിന്. ഇ-ഹെല്‍ത്ത് ആൻഡ് ഇ-മെഡിസിന്‍ വിഭാഗത്തില്‍ ആശാധാര പദ്ധതി ഒന്നാം സ്ഥാനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം പ്രത്യേക ജ്യൂറി പുരസ്‌കാരവും നേടി. ആരോഗ്യ കിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിവയ്ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു. ഇ-ഗവേണന്‍സ് രംഗത്തെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് പുരസ്കാരങ്ങൾ.

മുഖ്യമന്ത്രിയില്‍ നിന്നും എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ആശാധാര സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. രാഹുല്‍ യു ആര്‍, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മഞ്ജുശ്രീ തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനം നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ആശാധാര പദ്ധതിയിലൂടെ ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്നു. ഇതിനായി പ്രത്യേക സോഫ്റ്റുവെയര്‍ സജ്ജമാക്കി. 2194 ഹീമോഫീലിയ രോഗികളുടെ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നത് ഇതിലൂടെയാണ്. ഹീമോഫീലിയ രോഗ പരിചരണത്തിന് രാജ്യത്ത് ആദ്യമായി നൂതന ചികിത്സയായ വിലയേറിയ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് എൽഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു.

18 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 18 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണവും എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി വരുന്നു. നിലവില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 324 പേര്‍ക്ക് എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 58 കോടിയോളം രൂപയുടെ ചികിത്സയാണ് സൗജന്യമായി നല്‍കിയത്. ഈ പദ്ധതി മാതൃകാപരമായി നടത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകിരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആരോഗ്യ കിരണം പദ്ധതിയുടെ ഡിജിറ്റലൈസേഷന് ഡിജിറ്റല്‍ പ്രോസസ്സ് റീ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഇ സിറ്റിസണ്‍ സര്‍വീസ് ഡെലിവറി ആന്റ് എം-ഗവേണന്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്.

കഴിഞ്ഞ 3 വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. നാലേകാല്‍ വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7163 കോടി രൂപയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 544 കോടി രൂപയുടെ സൗജന്യ ചികിത്സയും നല്‍കി. ആരോഗ്യ കിരണം വഴി 16.3 ലക്ഷം കുട്ടികള്‍ക്ക് 68.3 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയിട്ടുണ്ട്. നിലവില്‍ 43.07 ലക്ഷം കുടുംബങ്ങള്‍ കാസ്പില്‍ ഉള്‍പ്പെടുന്നു.

ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച AWaRe മെട്രിക്‌സ് പ്രകാരം ലോകത്ത് ആദ്യമായി മൈക്രോബയോളജി കള്‍ച്ചര്‍ റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് വികസിപ്പിച്ചത് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ്. കാര്‍സാപ്പിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ ഫോര്‍മാറ്റ് കേരളത്തിനകത്തും പുറത്തുമുള്ള പല സ്ഥാപനങ്ങളും പിന്തുടരുന്നു. ഇതിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം പുരസ്‌കാരത്തിന് അര്‍ഹരായത്.


Post a Comment

0 Comments