കസ്തൂരി രംഗൻ റിപ്പോർട്ട് വിരുദ്ധ സമരങ്ങളുടെ പേരിൽ ഉണ്ടായ പൊലീസ് കേസുകൾ തീർന്ന സാഹചര്യത്തിൽ കേസ് നടത്താൻ ജനങ്ങൾ നൽകിയ സംഖ്യയിൽ ബാക്കിയുള്ളത് തിരിച്ചു നൽകുമെന്ന് കൊട്ടിയൂർ സംരക്ഷണ സമിതി പ്രഖ്യാപിച്ചു. കസ്‌തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് 2013 ൽ കൊട്ടിയൂരിലുണ്ടായ സംഭവങ്ങളെ തുടർന്ന് പൊലീസ് രജിസ്‌റ്റർ ചെയ്തിരുന്ന 12 കേസുകളും അവസാനിച്ചു. അവസാനത്തെ കേസ് ജൂലൈയിൽ വാദം പൂർത്തിയാക്കിയിരുന്നു. കേസുകൾ എല്ലാം അവസാനിച്ച സാഹചര്യത്തിലാണ് നടത്തിപ്പിനായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത തുകയിൽ അവശേഷിക്കുന്ന സംഖ്യ ആനുപാതികമായി തിരികെ നൽകാൻ കൊട്ടിയൂർ സംരക്ഷണ സമിതി തീരുമാനിച്ചത് 9. 25 ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഇപ്പോൾ ബാക്കിയുള്ളത്. (ചില മാധ്യമങ്ങളിൽ 99.25 ലക്ഷം എന്നത് തെറ്റായി പ്രസിദ്ധീകരിച്ചിരുന്നു.) സമിതി ഭാരവാഹികൾ കേസുമായി ബന്ധപ്പെട്ട് കോടതികളിൽ കെട്ടി വച്ച 14.5 ലക്ഷം രൂപയോളം തിരികെ ലഭിക്കാനുണ്ട്. ചെലവുകൾ കുറവു ചെയ്‌ത ശേഷം ബാക്കി തുകയാണ് ആനുപാതികമായി തിരികെ നൽകുക. കസ്‌തൂരി രംഗൻ റിപ്പോർട്ടിന് എതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ രൂപീകരിച്ച കൊട്ടിയൂർ സംരക്ഷണ സമിതിയാണ് പണം സ്വരൂപിച്ച് കേസുകൾ നടത്തിയത്. ഒക്ടോബർ 2 ന് കേസുകളിൽ ഉൾപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്ത ശേഷം തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംരക്ഷണ സമിതി കൺവീനർ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, കൊട്ടിയൂർ സംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് മണക്കുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ. വൈസ് ചെയർമാൻ പി.തങ്കപ്പൻ, സെക്രട്ടറി ജിൽസ് എം മേയ്ക്കൽ എന്നിവർ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, ആറളം, ചെറുവാഞ്ചേരി എന്നിവിടങ്ങളാണ് കസ്‌തൂരി രംഗൻ റിപ്പോർട്ടിൻ്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നത്. ഈ മേഖലകളിൽ റിപ്പോർട്ടിന് എതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നിരുന്നു. കൊട്ടിയൂർ സംരക്ഷണ സമിതി രൂപീകരിച്ചാണ് ആദ്യം സമരങ്ങൾ തുടങ്ങിയത്. 15 കിലോമീറ്ററിലധികം നീളുന്ന മനുഷ്യചങ്ങല, ധർണകൾ എന്നിവയ്ക്ക് പുറമേ എണ്ണായിരത്തിൽ അധികം പേരെ പങ്കെടുപ്പിച്ച് കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ സമരങ്ങൾ കേരള രാഷ്ട്രീയത്തിൽ അന്ന് വൻ ചർച്ചാ വിഷയമായിരുന്നു. പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിന് ഇടയിലാണ് 2013 നവംബർ 13 ന് കരട് വിജ്‌ഞാപനം പുറപ്പെടുവിച്ചത്. ആ സമയത്ത് വനം വകുപ്പിൻ്റെ ഒരു പ്രത്യേക പഠനം സംഘം കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സർവേകൾ നടത്തി വരികയുമായിരുന്നു. നവംബർ 14 ന് ചുങ്കക്കുന്നിലെ പൊട്ടൻതോട്ടിൽ വച്ച് ഈ സംഘവും നാട്ടുകാരായ കർഷകരും തമ്മിൽ നടത്തിയ സംഭാഷണങ്ങളിൽ സംശയം തോന്നിയ നാട്ടുകാർ സംഘത്തെ തടഞ്ഞുവെച്ചു. ഇവരെ മോചിപ്പിക്കാൻ പൊലീസ് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ സംഘർഷമായി മാറി. നാലായിരിത്തോളം വരുന്ന ജനക്കൂട്ടം ചുങ്കക്കുന്ന് മേഖലയിൽ സംഘടിക്കുകയും സമരം സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. സംഘർഷത്തിൽ പത്തിലധികം പൊലീസ് വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു. അന്നത്തെ കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ട് രാഹുൽ ആർ നായർ സഞ്ചരിച്ചിരുന്ന വാഹനമടക്കം ആക്രമിക്കപ്പെട്ടു. രാത്രി വൈകി ജില്ലാ കലക്‌ടർ രത്തൻ ആർ ഖേൽക്കർ സമരം ചെയ്യുന്ന ജനങ്ങളുമായി നേരിട്ട് ചർച്ച നടത്തിയാണ് സംഘർഷം ഒരു പരിധി വരെ ശമിപ്പിച്ചത്. എന്നാൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത ഏതാനും നാട്ടുകാരെ വിട്ടയയ്ക്കാതെ വന്നതോടെ നവംബർ 15 ന് പകലും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസുകൾ എടുക്കില്ലെന്ന് വ്യവസ്‌ഥ ചെയ്‌തിരുന്നു എങ്കിലും പൊലീസ് നടപടികൾ തുടർന്നു. 12 കേസുകൾ റജിസ്‌റ്റർ ചെയ്തു. രണ്ടായിരത്തിൽ അധികം പേരെ പ്രതി ചേർത്തെങ്കിലും സണ്ണി ജോസഫ് എംഎൽഎ. കെ.സുധാകരൻ എംപി എന്നിവരുടെ ഇടപെടലുകളെ തുടർന്ന് അന്വേഷണം അവസാനിപ്പിക്കുകയും 206 പേർ മാത്രം പ്രതികളാകുകയും ചെയ്‌തു. ഇവരുടെ ചെലവുകൾ എല്ലാം വഹിക്കുന്നതിനാണ് കൊട്ടിയൂർ സംരക്ഷണ സമിതി ഫണ്ട് പിരിച്ചത്. കേസ് കഴിഞ്ഞ് ബാക്കിയുള്ള തുക ആനുപാതികമായി തിരികെ നൽകുമെന്ന വ്യവസ്‌ഥ ചെയ്‌താണ് ഫണ്ട് സ്വരൂപിച്ചത്. രണ്ട് ദിവസം കൊണ്ട് 38 ലക്ഷത്തോളം രൂപയാണ് സ്വരൂപിച്ചത്. കേസുകൾ എല്ലാം പിൻവലിക്കും എന്ന് 2016 നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇരു മുന്നണികളും വാഗ്ദാനം ചെയ്‌തിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാക്കും മുൻപ് തന്നെ രണ്ട് കേസുകൾ പിൻവലിക്കുകയും ചെയ്തു. ബാക്കി കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊട്ടിയൂർ സംരക്ഷണ സമിതി ഒന്നാം പിണറായി സർക്കാരിനെ സമീപിച്ചു. ഇതിനെ തുടർന്ന് 2017 ൽ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. പി.ജെ ആന്റണി, പി.എം. സജിത, ജെയ്‌സൺ പെരുമ്പനാനിയിൽ എന്നിവരായിരുന്നു സംരക്ഷണ സമിതിയുടെ അഭിഭാഷകർ. എന്നാൽ സംസ്ഥാന ഖജനാവിനുണ്ടായ നഷ്‌ടം ആര് വഹിക്കും എന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസുകൾ എല്ലാം പിൻവലിക്കാൻ കഴിയാതെ വന്നു. തുടർന്ന് കേസുകളിൽ ചിലത് വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അവസാനിച്ചത്. ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ബാക്കിയുള്ളത്. കേസിൽ പ്രതിചേർക്കപ്പെട്ടവർക്ക് ജാമ്യം ലഭിക്കുന്നതിനായി കോടതിയിൽ കെട്ടിവച്ച തുക ഓരോരുത്തർക്കും തിരികെ ലഭിക്കും. കൊട്ടിയൂർ സംരക്ഷണ സമിതിയാണ് പ്രതികളായവർക്കായി തുക കണ്ടെത്തി നൽകിയത്. ഒക്ടോബർ 2 ന് ചേരുന്ന യോഗത്തിൽ പ്രഖ്യാപനം നടത്തും. ഇപ്പോഴും രണ്ട് കൊല്ലം കൂടുമ്പോൾ കരട് വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാരും എതിർപ്പ് പ്രകടിപ്പിക്കാതെ സംസ്ഥാന സർക്കാരും മുന്നോട്ടു പോകുകയാണ്. വനാതിർത്തിയെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്നിരിക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒളിച്ചുകളി തുടരുകയാണിപ്പോഴും.
0 Comments