ആര്‍ദ്ര കേരളം പുരസ്‌കാര നിറവിൽ കൽപ്പറ്റ നഗരസഭ

 തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2023 - 24 വർഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി കൽപ്പറ്റ നഗരസഭ വയനാട് ജില്ലക്ക് അഭിമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതികൾ പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ്,  എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ശുചിത്വ മാലിന്യ സംസ്ക്കരണ മേഖലയിൽ സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് തവണ ഒ ഡി എഫ് പ്ലസ് പ്ലസ് അവാർഡ് നേടി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽ നിന്നും അവാർഡ് സ്വീകരിച്ച കൽപ്പറ്റ നഗരസഭക്ക് ആരോഗ്യ മേഖലയിൽ നൽകുന്ന ആർദ്രം അവാർഡ് കൂടി നേടാനായത് സ്വപ്ന തുല്യമായ  ഇരട്ട നേട്ടമായി. ആരോഗ്യ രംഗത്ത് സംസ്ഥാന തലത്തിൽ നൽകുന്ന ആർദ്രം അവാർഡിന് ആദ്യമായി അപേക്ഷ നൽകിയ വർഷം തന്നെ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടാനായി എന്നത് കൽപ്പറ്റ നഗരസഭക്ക് ഏറെ അഭിമാനമായി. കൈനാട്ടിയിലെ ജനറൽ ആശുപത്രി,  മുണ്ടേരിയിലെ അർബൺ പ്രൈമറി ഹെൽത്ത് സെന്റർ, മുണ്ടേരിയിലെയും , പുത്തൂർ വയലിലെയും , കൽപ്പറ്റ ടൗണിലെയും മൂന്ന് ഹെൽത്ത് വെൽനസ് സെന്ററുകൾ, ഹോമിയോ ആശുപത്രി, വയോജന ചികിത്സാരംഗത്ത് വയോമിത്രം, ജീവിതശൈലി രോഗ ചികിത്സാ രംഗത്ത് വഴികാട്ടി ഹെൽത്ത് സെന്റർ, തുടങ്ങി ആധുനിക ആരോഗ്യ ചികിൽസാ രംഗത്ത് കൽപ്പറ്റയിൽ ഉള്ള ആരോഗ്യ കേന്ദ്രങ്ങൾ സംസ്ഥാനത്ത്  തന്നെ ഏറ്റവും മികച്ചതാണ് എന്ന കാര്യങ്ങൾ  കൂടി പരിഗണിച്ചാണ് കൽപ്പറ്റയെ  ആർദ്രം അവാർഡിന് പരിഗണിച്ചത്.

 കൽപ്പറ്റ നഗരസഭയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കൂടി കുറഞ്ഞത് ഒരു ദിവസം രണ്ടായിരത്തിൽ അധികം രോഗികൾ ചികിത്സ തേടുന്നുണ്ട് എന്നത് ആരോഗ്യ മേഖലയിൽ കൽപ്പറ്റയുടെ കരുത്താണ് കാണിക്കുന്നത്.  കൽപ്പറ്റയുടെ തൊട്ടടുത്ത പഞ്ചായത്തുകളായ മുട്ടിൽ, കണിയാമ്പറ്റ , വെങ്ങപ്പള്ളി, വൈത്തിരി, മേപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുപോലും ആളുകൾ ചികിത്സക്കായി പ്രധാനമായും ആശ്രയിക്കുന്നത് കൽപ്പറ്റ ജനറൽ ആശുപത്രി അടക്കമുള്ള കൽപ്പറ്റയിലെ ആരോഗ്യ കേന്ദ്രങ്ങളെയാണ്.

സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയതോടുകൂടി   ആരോഗ്യമേഖലയിലെ പുതിയ സാധ്യതകൾ ഉൾപ്പെടുത്തി ആരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാണ്  കൽപ്പറ്റ നഗരസഭ ശ്രമിക്കുന്നത്. മഹത്തായ നേട്ടത്തിന്‌ കൽപ്പറ്റ നഗരസഭയെ അർഹമാക്കുന്നതിനായി  പരിശ്രമിച്ച ജനപ്രതിനിധികളോടും, ആരോഗ്യപ്രവർത്തകരടക്കമുള്ള ഉദ്യോഗസ്ഥരോടും , അതിലുപരി കൽപ്പറ്റയിലെ പൊതുജനങ്ങളോടും നഗരസഭ ഭരണസമിതി നന്ദി അറിയിച്ചു.

Post a Comment

0 Comments