കൊച്ചി: 25 കോടിയുടെ തിരുവോണം ബമ്പർ ലോട്ടറി വിറ്റ ഏജൻ്റ് ലതീഷും ആവേശത്തിലാണ്. താൻ വിറ്റ ലോട്ടറിക്കാണ് ബമ്പറടിച്ചതെന്ന സന്തോഷത്തിലാണ് ലതീഷ്. നെട്ടൂരിൽ സ്ഥിരമായി ടിക്കറ്റ് വിൽപ്പന നടത്തുന്ന ഏജൻ്റ് ലതീഷ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതിൽ ഒരു 10 ശതമാനം ഏജന്റിനും ലഭിക്കുമെന്നത് ലതീഷിന്റെ സന്തോഷത്തിന് മാറ്റ് കൂട്ടും. ഇത്രയും വലിയൊരു നേട്ടം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലതീഷ് പറഞ്ഞു.
ഇത്തവണ താന്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങിയ എല്ലാ ടിക്കറ്റുകളെല്ലാം വിറ്റ് പോയെന്നും ലതീഷ് പറഞ്ഞു. നെട്ടൂരില്‍ ഉള്ള ആള്‍ ആരെങ്കിലും ആയിരിക്കാം തന്റെ കൈയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. 1200നടുത്ത് ടിക്കറ്റാണ് വിറ്റത്. അതില്‍ ഒന്നാണ് ഇപ്പോള്‍ ബമ്പർ അടിച്ചിരിക്കുന്നത്.
25 കോടി രൂപയില്‍ പത്ത് ശതമാനമാണ് ലതീഷിന് ലഭിക്കുക. അതായത് 2.5 കോടി രൂപ. കമ്മീഷനെ കുറിച്ചുള്ള ചോദ്യത്തിന്, 'എന്റെ അറിവ് ശരിയാണെങ്കില്‍ പത്ത് ശതമാനം കിട്ടും. രണ്ടരക്കോടി രൂപ. എത്ര കിട്ടിയാലും ഞാന്‍ ഹാപ്പി ആണ്. രണ്ടര കോടിയൊക്കെ എനിക്ക് സ്വപ്നം കാണാന്‍ പറ്റാത്ത കാര്യമാണ്. ഞാനൊരു രാജാവിനെ പോലെ വാഴും. ഇപ്പോഴേ തലകറങ്ങുന്നു. 25 കോടി എനിക്കടിച്ചാല്‍ ചിലപ്പോള്‍ ഭ്രാന്തായി പോകും', എന്നാണ് ലതീഷ് രസകരമായി മറുപടി പറഞ്ഞത്.
0 Comments