ചികിത്സാ പിഴവ്: പാലക്കാട് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

 



തിരുവനന്തപുരം: പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒൻപത് വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

സംഭവത്തിൽ ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നൽകി. ധമനികളിൽ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്റ്റോ ഉണ്ടായിട്ടുണ്ടാവാം. വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. അന്വേഷണത്തിന് ഉത്തരവിട്ടെന്നും വീഴച്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡിഎംഒ പറഞ്ഞിരുന്നു.

Post a Comment

0 Comments