തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന സ്വയംചികിത്സ രക്ഷിതാക്കൾ ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ. കുട്ടികളുടെ തൂക്കവും ആരാേഗ്യവും അനുസരിച്ചാണ് ഡോക്ടർമാർ മരുന്ന് നൽകുക. പഴയ കുറിപ്പടി പ്രകാരമോ മെഡിക്കൽ സ്റ്റോറിൽനിന്ന് നേരിട്ട് വാങ്ങിയോ മരുന്ന് നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐഎപി) പറയുന്നു.
മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിനിടയാക്കിയ കോൾഡ്‌റിഫ് കഫ്സിറപ്പിന്റെ വില്‍പ്പന നിർത്തലാക്കിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അമിത ഡോസ് ഉള്ളിൽ ചെല്ലുന്ന കുട്ടികൾക്ക് മയക്കം,അമിത ക്ഷീണം, ഛർദി തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. ചില മരുന്നുകളോട് ആസക്തിയുമുണ്ടാകാം.
രണ്ടിൽത്താഴെ പ്രായക്കാരിലെ ചുമ മിക്കപ്പോഴും, ആവശ്യത്തിന് വെള്ളവും ഭക്ഷണവും ശരിയായ വിശ്രമവും ലഭിച്ചാൽ മരുന്നില്ലാതെതന്നെ ഭേദമാകും. രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ ചുമ സിറപ്പുകളോ ജലദോഷ മരുന്നുകളോ ഡോക്ടർമാരും നിർദേശിക്കരുത്.
മുതിർന്ന കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ, കുറഞ്ഞ ദിവസത്തേക്കുമാത്രമേ മരുന്ന് കൊടുക്കാവൂ. ആസ്ത്മ പോലുള്ള രോഗങ്ങളാലുള്ള ചുമയ്ക്ക് ഇൻഹേലറാണ് നല്ലത്. അലർജിക് റൈനിറ്റിസ് പോലുള്ള പ്രത്യേക രോഗാവസ്ഥകൾക്ക് ആറുമാസത്തിന് മുകളിലുള്ള കുട്ടികളിൽ ചില ആന്റിഹിസ്റ്റമിനുകൾ പരിഗണിക്കാം.
0 Comments