തിരുവനന്തപുരം: എയ്ഡഡ് അധ്യാപകർക്ക് നിയമനം നൽകണമെന്ന ഹൈക്കോടതി വിധി സർക്കാർ അട്ടിമറിക്കുന്നു. വിവിധ എയിഡഡ് സ്കൂളിലെ 104 അധ്യാപകർക്ക് നിയമനം നൽകണമെന്ന ഉത്തരവ് ഇതുവരെ നടപ്പിലാക്കിയില്ല. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിന്ന് നീട്ടി വാങ്ങിയ രണ്ട് മാസ കാലാവധി കഴിഞ്ഞിട്ടും നിയമനം നൽകിയില്ല.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമക്കുരുക്ക് വന്നതിനെ തുടർന്ന് എയ്ഡഡ് കോളജിലെ അധ്യാപകരുടെ നിയമനം നൽകുന്നതിന് അംഗീകാരം നൽകുന്നത് സർക്കാർ നീട്ടിവെച്ചിരുന്നു. ഇതിനെ തുടർന്ന് പലരും കോടതിയെ സമീപിച്ചു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ എൻഎസ്എസിന്റെ കോളജുകളിൽ നിയമനം അംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇതേ തുടർന്ന് 104 അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു.
എൻഎസ്എസിന്റെ സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഇവർക്കും നിയമനത്തിന് അംഗീകാരം നൽകണമെന്ന് കോടതി വിധിച്ചെങ്കിലും സർക്കാർ വീണ്ടും കാലതാമസം വരുത്തി. തുടർന്ന് അധ്യാപകർ വീണ്ടും കോടതിയെ സമീപിക്കാൻ പോകുന്ന ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തെ സാവകാശം തേടി സർക്കാർ തന്നെ കോടതിയെ സമീപിച്ചത്. എന്നാൽ സാവകാശ കാലാവധി ആഗസ്റ്റിൽ കഴിഞ്ഞിട്ടും നിയമന നടപടി നടപ്പിലാക്കിയിട്ടില്ല.
0 Comments