ഗുണ്ടർട്ട് മ്യൂസിയത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

 



മലയാള ഭാഷയെ ശ്രേഷ്‌ഠഭാഷയായി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. ഹെർമൻഗുണ്ടർട്ടിന്റെ പാദസ്‌പർശം കൊണ്ടും കർമ്മം കൊണ്ടും ധന്യമായ തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് മ്യൂസിയത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.

തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെയും തലശ്ശേരി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ‘അ’ അക്ഷരങ്ങളുടെ ഉത്സവം സംഘടിപ്പിച്ചത്.

നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഗുണ്ടർട്ട് മ്യൂസിയത്തിൽ എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നത് മൂന്നാം തവണയാണെന്നും തുടർച്ചയായി വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു.

എഴുത്തുകാരി കെ.ആർ മീര കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു. മലയാളികളുടെ എല്ലാ നേട്ടത്തിനും പിറകിൽ അക്ഷരങ്ങളും അറിവുമാണെന്നും അവർ പറഞ്ഞു.

17 കുരുന്നുകളാണ് അമ്മ, ഇന്ത്യ,ഗാന്ധി എന്നീ മൂന്ന് വാക്കുകളെഴുതി ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചത്. തുടർന്ന് മാതാപിതാക്കൾക്ക് കെ ആർ മീരയുമായി സംവദിക്കാനുള്ള 'മീരാവസന്തം' പരിപാടിയും നടന്നു.തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ അധ്യക്ഷയായി.

സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഡി ടി പി സി സെക്രട്ടറി പി.കെ സൂരജ്, തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ മാനേജർ ജിഷ്ണു ഹരിദാസൻ, ഗുണ്ടർട്ട് ചർച്ച് വികാരി ആൾഡ്രിൻ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments