കുമ്പള: കുമ്പള ഗവ ഹൈസ്‌കൂളിൽ അധ്യാപകൻ തടസ്സപ്പെടുത്തിയ പലസ്തീൻ അനുകൂല മൈം വീണ്ടും വേദിയിലെത്തി. ഇന്ന് രാവിലെയാണ് കലോത്സവം പുനരാരംഭിക്കുകയും മൈം വീണ്ടും അവതരിപ്പിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുകയും ചെയ്തത്. കലോത്സവത്തിന്റെ ഭാഗമായി പലസ്തീന് ഐക്യദാർഢ്യം രേഖപ്പെടുത്തി അവതരിപ്പിച്ചിരുന്ന മൈം ഒരു അധ്യാപകൻ നിർത്താൻ ആവശ്യപ്പെടുകയും മൈം അവസാനിക്കും മുൻപ് കർട്ടൻ ഇടുകയും ചെയ്യുകയായിരുന്നു.
ഇത് വലിയ വിവാദങ്ങളിലേക്ക് വഴി തെളിച്ചു. കേരളമാകെ പലസ്തീന് ഐക്യദാർഢ്യം രേഖപ്പെടുത്തി മുന്നോട്ട് വരുമ്പോൾ വിദ്യാർഥികളെ അതിന്റെ ഭാഗമാകാനനുവദിക്കാത്ത അദ്ധ്യാപകനെതിരെ വ്യാപകമായ വിമർശനമാണുയർന്നത്. ഇതിനെ തുടർന്ന് എസ്എഫ്ഐ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ വീണ്ടും പരിപാടി വേദിയിൽ എത്തിക്കാനും കലോത്സവം പുനരാരംഭിക്കാനും അധികൃതർ തീരുമാനിച്ചു.
ഇന്ന് രാവിലെ പുനരാരംഭിച്ച കലോത്സവ വേദിയിൽ പകൽ 12 മണിക്കാണ് മൈം വീണ്ടും അവതരിപ്പിച്ചത്. രണ്ടധ്യാപകരെ മാറ്റിനിർത്തിയായിരുന്നു വീണ്ടും കലോത്സവം നടത്തിയത്. മൈം അവതരിപ്പിക്കുന്നതിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ സ്കൂളിന് മുൻപിലെത്തി. പലസ്തീൻ അനുകൂല മൈം എന്ന ആശയം മുന്നോട്ടുവച്ച വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
0 Comments