ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇത് സഹായിക്കും.
പരമ്പരാഗതമായ രീതിയില്‍ സിം ഇട്ട് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കുന്ന രീതിക്ക് പകരം ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മൊബൈല്‍ കണക്ഷന്‍ ആക്ടീവ് ആക്കുന്ന രീതിക്ക് തുടക്കമിടാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. ഡ്യുവല്‍ സിം ഫോണ്‍ ഉള്ളവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും പ്രാദേശിക നെറ്റ്വര്‍ക്കുകളുമായി എളുപ്പത്തില്‍ കണക്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇ-സിം സേവനം ഉപയോഗപ്രദമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫിസിക്കല്‍ സിം കാര്‍ഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങള്‍ ബിഎസ്എന്‍എല്ലിന്റെ ഇ-സിമ്മുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ സിം മൊബൈല്‍ ഫോണുള്ള ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ സിമ്മിനൊപ്പം ഒരു ഇ-സിമ്മും ഉപയോഗിക്കാം.
ടാറ്റാ കമ്മ്യൂണിക്കേഷന്‍സിന്റെ ജിഎസ്എംഎ അംഗീകൃത സബ്സ്‌ക്രിപ്ഷന്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോമായ മൂവ് ആണ് ഇ-സിം സേവനങ്ങള്‍ നല്‍കുന്നത്. ടാറ്റ കമ്മ്യൂണിക്കേഷന്‍സ് കൊളാബറേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (ടിസിസിഎസ്പിഎല്‍) വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് ഇ-സിം സേവനങ്ങള്‍ ആരംഭിക്കുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
0 Comments