'ഇത് കഠിനാധ്വാനത്തിന്റെ സമ്മാനം'; ലോകയുടെ വിജയത്തിൽ നിമിഷ് രവിക്ക് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് കല്യാണി പ്രിയദർശൻ

 



ലോക സിനിമ നേടിയ വലിയ വിജയത്തിൽ സിനിമയുടെ ഛായാഗ്രഹകൻ നിമിഷ രവിക്ക് നായിക കല്യാണി പ്രിയദർശൻ്റെ സ്നേഹ സമ്മാനം. ഏകദേശം ഒമ്പത് ലക്ഷം രൂപ വാച്ചിൻ്റെ വില. കല്യാണിക്ക് നന്ദി അറിയിച്ച് തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

'പ്രിയപ്പെട്ട കല്യാണി, ഇത് നിങ്ങളുടെ മഹാമനസ്‌കതയുടെ തെളിവാണ്. വളരെയധികം നന്ദി, ഈ നിറം ലോകവുമായും ചന്ദ്രയുമായും എന്നെ നേരിട്ട് ബന്ധിപ്പിക്കുന്നു. മറ്റെന്തിനേക്കാളുമുപരി, തുടർച്ചയായ കഠിനാധ്വാനം നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഇത് ഓർമ്മപ്പെടുത്തും. ഈ സിനിമയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളും അക്കാര്യം എന്നും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. ഇത് കഠിനാധ്വാനത്തിനുള്ള സമ്മാനമാണ്. ഒരുപാട് സ്നേഹം' എന്ന് നിമിഷ രവി കുറിച്ചു.

സ്വിസ് കമ്പനിയായ ഒമേഗയുടെ 9.8 ലക്ഷം രൂപ വിലയുള്ള സ്പീഡ്മാസ്റ്റർ 57 എന്ന മോഡൽ അത്യാഡംബര വാച്ചാണ് കല്യാണി സമ്മാനമായി നൽകിയത്. 40.5 എംഎം ഡയലും ലെതർ സ്ട്രാപ്പുമാണ് ഇതിൻ്റെ സവിശേഷത.

വാച്ച് കെട്ടി നിൽക്കുന്ന കൈയുടെ ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന കല്യാണിയുടെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 'നിങ്ങളാണേറ്റവും മികച്ചത്' എന്നാണ് പോസ്റ്റിന് കല്യാണിയുടെ കമൻ്റ്. ടോവിനോ, അഹാന കൃഷ്ണ തുടങ്ങിയവരും സ്നേഹം അറിയിച്ച് കമൻറ് ബോക്‌സിലെത്തി. ഇങ്ങനെ പോയാൽ ഒരു വാച്ച് ഷോറൂം തുടങ്ങേണ്ടി വരുമെന്നാണ് ഒരു ആരാധകൻ്റെ കമൻ്റ്. നേരത്തെ 'ലക്കി ഭാസ്‌കറി'ൻ്റെ വിജയത്തിൽ ദുൽഖർ സൽമാനും നിമിഷയും ഒരു ആഡംബര വാച്ച് സമ്മാനിച്ചിരുന്നു.

Post a Comment

0 Comments