ലേ: സോനം വാങ്ചുക്കിൻ്റെ മോചനത്തിനായി ഭാര്യ ഗീതാഞ്ജലി നൽകിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി.അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വാങ്‌ചുകിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്.
മുതിർന്ന അഭിഭാഷകൻ വിവേക് ടാങ്ക, അഭിഭാഷകൻ സർവം റിതം ഖരെ എന്നിവർ മുഖേന സമർപ്പിച്ച ഹരജിയിൽ, 12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വെയ്ക്കാൻ അനുവദിക്കുന്ന എൻഎസ്എ ചുമത്താനുള്ള തീരുമാനത്തെയും ഗീതാഞ്ജലി ചോദ്യം ചെയ്തിട്ടുണ്ട്. ഹർജിക്കാരിക്ക് ഭർത്താവുമായി ഫോണിലും നേരിട്ടും ഉടൻ ബന്ധപ്പെടാൻ അനുവദിക്കണമെന്ന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു
സെപ്റ്റംബർ 24 ന് ലഡാക്കിൽ നടന്ന ഏറ്റുമുട്ടലുകളെത്തുടർന്ന് കസ്റ്റഡിയിലെടുത്തതിനുശേഷം സെപ്തംബർ 26നാണ് ദേശസുരക്ഷാ നിയമപ്രകാരം സോനം വാങ്ചുക്കിനെ ജോധ്പൂർ ജയിലിൽ അടച്ചത്. ലഡാക്കിന് സംസ്ഥാന പദവി നൽകുക, പ്രദേശത്തെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധത്തിനിടെ 04 പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടികളാണ് സംഘർഷത്തിന് തുടക്കമിട്ടത്. സംഘർഷവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ആത്മരക്ഷാർഥം വെടിയുതിർത്തതാണെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികളടക്കം വിമർശിച്ച് രംഗത്തെത്തി. ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങളുന്നയിച്ച് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ നിരാഹാരത്തിലുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നുണ്ടായ പ്രക്ഷോഭത്തിലാണ് പൊലീസ് വെടിയുതിർത്തത്. സോനം വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നടക്കമുള്ള ആരോപണങ്ങൾ പൊലീസും ലഡാക്ക് ഭരണകൂടവുമുന്നയിച്ചിരുന്നു.
0 Comments