തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായാണ് എത്തിയത്. ശബരിമലയിലെ സ്വർണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടിയ പ്രതിപക്ഷം സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്. അയ്യപ്പൻ്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്നാണ് ബാനറിലുള്ളത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. അതേസമയം, ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും സമ്മേളിച്ചാൽ പ്രതിഷേധം കനക്കുമെന്ന് തന്നെയാണ് സൂചന
0 Comments