മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിന് ശുഭ്മാന്‍ ഗില്‍ നയിക്കും. രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. രോഹിത്തിനൊപ്പം വിരാട് കോലി ടീമിനൊപ്പം തുടരും. ശ്രേയസ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ് ടീമിലിടം ലഭിച്ചില്ല. കെ എല്‍ രാഹുലാണ് പ്രധാന വിക്കറ്റ് കീപ്പറായി. ബാക്ക് അപ്പ് കീപ്പറായി ധ്രുവ് ജുറലും. നേരത്തെ, സഞ്ജുവിനെ ബാക്ക് അപ്പ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
പരിക്കിന്റെ പിടിയിലുള്ള റിഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല. രവീന്ദ്ര ജഡേജയും ടീമിന് പുറത്താണ്. ജഡേജയ്ക്ക് പകരം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍ ജസ്പ്രിത് ബുമ്രയേയും ടീമിലെടുത്തിട്ടില്ല. ക്ടോബര്‍ 19, 23, 25 തീയതികളില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര.
ഓസീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറല്‍.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവര്‍ സംയുക്തമായി വേദിയാകുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഗില്ലിന്റെ ക്യാപ്റ്റന്‍സി സ്ഥിരമാക്കാനാണ് സെലക്ഷന്‍ കമ്മിറ്റി തീരുമാനമെടുത്തത്. ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുമായി അഗാര്‍ക്കര്‍ കൂടിയാലോചന നടത്തിയിരുന്നു. 26 കാരനായ ഗില്‍ ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ്. ഇപ്പോള്‍ ഏകദിന ടീമിന്റേയും. ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍.
2021 ഡിസംബര്‍ മുതല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ ഏകദിന ക്യാപ്റ്റനായിരുന്നു 38 കാരനായ രോഹിത്. അദ്ദേഹം 56 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചു, 42 എണ്ണം വിജയിച്ചു. 12 മത്സരങ്ങളില്‍ തോറ്റു .ഒരു ടൈയും മറ്റൊന്ന് ഫലമില്ലാതെയും അവസാനിച്ചു. സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായി ഇന്ത്യയെ 2018 ഏഷ്യാ കപ്പ് കിരീടത്തിലേക്കും പിന്നീട് മുഴുവന്‍ സമയ ക്യാപ്റ്റനായി 2023 ഏഷ്യാ കപ്പ് കിരീടത്തിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തി. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുന്നതും രോഹിത്തിന്റെ നേതൃത്വത്തിലാണ്.
ഓസ്ട്രേലിയയില്‍ നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങള്‍ക്ക് ശേഷം, നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയുമുള്ള മൂന്ന് ഏകദിന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. അതിന് മുമ്പ് കോലിയും രോഹിത്തും കളി അവസാനിപ്പിക്കുമോ എന്ന് കണ്ടറിയണം.
0 Comments