യുപിഐ പോലെ ഇനി ഗവേഷണത്തിനും ഡിജിറ്റൽ കുതിപ്പ്; ‘ഇന്നൊവേഷൻ സ്റ്റാക്ക്’ ഒരുങ്ങുന്നു

രാജ്യത്തെ സാങ്കേതിക ഗവേഷണ രംഗത്തെ തടസ്സങ്ങൾ നീക്കി മുന്നോട്ട് കൊണ്ടുപോകാൻ യുപിഐ മാതൃകയിലുള്ള ഒരു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം വരുന്നു. ‘ഇന്നൊവേഷൻ സ്റ്റാക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം ഗവേഷണ പ്രവർത്തനങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും പുതിയ ദിശാബോധം നൽകും. ഗവേഷണ ഫണ്ട് വിതരണത്തിലെ കാലതാമസം, ഉപകരണങ്ങള്‍ വാങ്ങുന്നതിലെ നൂലാമാലകള്‍, പ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മ എന്നിവ പരിഹരിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ ഡിജിറ്റല്‍ സംവിധാനം.

രാജ്യത്ത് ഡിജിറ്റൽ പേയ്‌മെൻ്റുകൾക്ക് യുപിഐ നൽകിയതുപോലുള്ള വലിയ കുതിച്ചുചാട്ടം ഗവേഷണ മേഖലയിലും കൊണ്ടുവരാനാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഗവേഷണ മേഖല നിലവില്‍ രണ്ടുതരത്തിലുള്ള പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അര ശതമാനത്തിലധികം ഗവേഷണ വികസനത്തിനായി ചെലവഴിക്കുമ്പോഴും, ആഗോളതലത്തിലെ മികച്ച 1% ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍ ഇന്ത്യയുടെ പങ്ക് 1% കവിഞ്ഞിട്ടില്ല. ഗവേഷണത്തിനായുള്ള ഫണ്ടുകള്‍, ഗ്രാന്റുകള്‍, മൂലധന വിഹിതം തുടങ്ങിയവയെ പ്രസിദ്ധീകരണങ്ങള്‍, പേറ്റന്റുകള്‍, പ്രായോഗികമായ കണ്ടെത്തലുകള്‍ തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന ഒരു പൊതു സംവിധാനത്തിന്റെ അഭാവമാണ് ഇതിൻ്റെ പ്രധാന കാരണം. സയന്‍സ് ആന്‍ഡ് ടെക്നോളജി അഡ്വാന്‍സിംഗ് ഫൗണ്ടേഷന്റെ സര്‍വേ പ്രകാരം, ഗവേഷകര്‍ ഏറ്റവും കൂടുതല്‍ തടസ്സങ്ങള്‍ നേരിടുന്നത് പരീക്ഷണങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലോ നടപ്പിലാക്കുന്നതിലോ അല്ല, മറിച്ച് ചെലവുകള്‍ക്കായുള്ള നടപടിക്രമങ്ങളിലാണ്. ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സ് 2017 ആണ് ഇതിലെ പ്രധാന വെല്ലുവിളി. ഇതിലെ കര്‍ശനമായ നിയമങ്ങൾ ശാസ്ത്ര ഗവേഷണത്തിന്റെ അനിശ്ചിതത്വങ്ങള്‍ക്കും സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമല്ല.

നിലവിൽ, വിവിധ മേഖലകളിലെ ഡാറ്റകൾ, ലൈബ്രറികൾ, ഗവേഷണ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ എന്നിവ പരസ്പരം ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഈ ‘സ്റ്റാക്ക്’ യാഥാർഥ്യമാകുന്നതോടെ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. നിലവിൽ, ഗവേഷണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഡാറ്റാബേസുകൾ, ടൂളുകൾ, വിവരങ്ങൾ എന്നിവ കണ്ടെത്താനും ഉപയോഗിക്കാനുമുള്ള തടസ്സങ്ങൾ നീക്കം ചെയ്യുക എന്നതാണ് ഇതിൻ്റെ പ്രാഥമിക ലക്ഷ്യം.

Post a Comment

0 Comments