ആർക്കും ഭൂരിപക്ഷമില്ല, തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളിൽ ഭരണമുറപ്പിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടം, വിമതരും സ്വതന്ത്രരും ചെറുപാർട്ടികളും നിർണായകം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഭരണമുറപ്പിക്കാൻ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 13 പഞ്ചായത്തുകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഭരണം ആർക്കെന്ന് തീരുമാനിക്കാൻ സ്വതന്ത്രരും ചെറിയ പാർട്ടികളും നിർണായകമാകും. അഞ്ചുതെങ്ങ്, കുന്നത്തുകാൽ പഞ്ചായത്തിൽ തുല്യ സീറ്റുകൾ നേടിയതോടെ നറുക്കെടുപ്പിലൂടെയാകും വിജയിയെ തീരുമാനിക്കുക.

ജില്ലയിലെ പല പഞ്ചായത്തുകളിലും എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. അഞ്ചുതെങ്ങ്, കുന്നത്തുകാൽ പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും തുല്യ സീറ്റുകൾ വീതം പങ്കിട്ടു. ഏഴു വീതം സീറ്റുകളിലാണ് ഇവിടെ രണ്ട് മുന്നണിക്കും. നറുക്കെടുപ്പിൽ ഇവിടെ ഭാഗ്യം തുണയ്ക്കുന്നവർക്കാകും പ്രസിഡന്റ് പദവി ലഭിക്കുക.

മംഗലപുരത്ത് എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികൾ ഏഴ് സീറ്റുകൾ വീതം നേടി കരുത്തുകാട്ടിയപ്പോൾ ഒരുസ്വതന്ത്രന്റെ നിലപാട് നിർണായകമാകും. സ്വതന്ത്രനെ പ്രസിഡന്റാക്കി ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് ഇവിടെ എൽഡിഎഫ്. എന്നാൽ സ്വതന്ത്രന്റെ പിന്തുണ വേണ്ടെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍.

Post a Comment

0 Comments