ഹരിപ്പാട് ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്


ആലപ്പുഴ:ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ രണ്ട് പേര്‍ മരിച്ചത് അണുബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് ഡിഎംഓ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. അണുബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ദ സംഘത്തിന്റെ പരിശോധന തുടരുകയാണ്.

ഡിസംബര്‍ 29നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനിടെ രണ്ട് പേര്‍ മരിച്ചത്. ചികിത്സക്ക് ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സമഗ്ര പരിശോധനക്ക് ഉത്തരവിട്ടത്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം രണ്ട് ഡെപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് അണുബാധ ഉണ്ടായെന്ന് സ്ഥിരീകരിച്ചത്. അണുബാധയ്‌ക്കൊപ്പം രക്തസമ്മര്‍ദം അപകടകരമായി താഴ്ന്നതും മരണകാരണമെന്ന് കണ്ടെത്തി.

അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യമന്ത്രിക്ക് നല്‍കും. അണുബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ദ സംഘത്തിന്റെ പരിശോധന തുടരുകയാണ്. ആശുപത്രിയില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെയും മരുന്നുകളുടെയും സാമ്പിളുകളുടെ പരിശോധനാഫലം ഉടന്‍ ലഭിക്കും. ഇതിലൂടെ ഉറവിടം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിന് പിന്നാലെ 15 ദിവസത്തേക്ക് ഹരിപ്പാട് ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ അടച്ചിരുന്നു.

Post a Comment

0 Comments