കലൂർ സ്റ്റേഡിയത്തിലെ വീഴ്ച; 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ

 


കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്നു വീണുണ്ടായ അപകടത്തിൽ രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ. സ്റ്റേഡിയത്തിന്റെ ചുമതലയുള്ള ജിസിഡിഎ , സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എന്നിവർക്കെതിരെയാണ് നിയമനടപടി. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപരമായ തുടർനടപടി സ്വീകരിക്കുമെന്ന് അഡ്വ. പോൾ ജേക്കബ് വഴി നൽകിയ വക്കീൽ നോട്ടീസിൽ പറയുന്നു.

ചികിത്സാ ചെലവുകൾക്കും അപകടം മൂലമുണ്ടായ പ്രയാസങ്ങൾക്കും പരിഹാരമായാണ് 2 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 29 നാണ് കലൂർ ജവാഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്നുവീണ് എംഎൽഎയ്ക്ക് പരിക്കേറ്റത്. മൃദംഗ വിഷൻ ആൻഡ് ഓസ്‌കർ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകർ. ഒൻപത് ലക്ഷംരൂപ വാടകയ്ക്കായിരുന്നു സ്റ്റേഡിയം നൃത്തപരിപാടിക്കായി നൽകിയത്. 12,00 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി.

ഗാലറിയിലെ മതിലിന് ആവശ്യമായ ഉയരമില്ലാത്തതും സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. സ്റ്റേഡിയം വാടകയ്ക്ക് നൽകുമ്പോൾ അവിടെ എത്തുന്നവർ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാൻ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്. എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങൾക്കേ നൽകാവൂ. അരലക്ഷത്തോളം ആളുകൾ ഒത്തുകൂടിയ പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകർ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നും അവർ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments