മൈസൂരു കൊട്ടാരത്തിന് മുന്നിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ബലൂൺ കച്ചവടക്കാരൻ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

 




മൈസൂരു: കർണാടകയിലെ മൈസൂരു കൊട്ടാരത്തിന് മുന്നിൽ ബലൂണുകളിൽ നിറയ്ക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.30-ഓടെ കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് മുന്നിലായിരുന്നു അപകടം.

ബലൂൺ കച്ചവടക്കാരനായ സലിം (40) ആണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലുള്ള തോഫിയ ഗ്രാമവാസിയാണ് ഇദ്ദേഹം. സിലിണ്ടർ പൊട്ടിത്തെറിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന ഷെഹ്നാസ് ഷബീർ (54), ലക്ഷ്മി (45), കോട്ട്രേഷ് ഗുട്ടെ (54), മഞ്ജുള നഞ്ചൻഗുഡ് (29), രഞ്ജിത (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ വിദഗ്ധ ചികിത്സയിലാണ്.

ക്രിസ്മസ് അവധിയോടനുബന്ധിച്ച് കൊട്ടാരത്തിന് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ട സമയത്താണ് അപകടമുണ്ടായത്. വൻ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തിൽ മൈസൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments